ഏഴ് മണിക്കൂർ നീളുന്ന ദൗത്യം: ആദ്യ സ്പേസ് വാക്കിന് തയാറെടുത്ത് ഇന്ത്യൻ വംശജനായ അനിൽ മേനോൻ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് ആദ്യ സ്പേസ് വാക്കിന് (Spacewalk) തയാറെടുത്ത് ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് സ്പേസ് വാക്ക് ആരംഭിക്കും. ഓർബിറ്റിങ് ലബോറട്ടറിയുടെ സൗരോർജ്ജ സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് മണിക്കൂർ നീളുന്ന ഈ ദൗത്യം.
ദൗത്യത്തിൽ അനിലിനൊപ്പം നാസയുടെ അനുഭവസമ്പന്നയായ ബഹിരാകാശ യാത്രിക ജെസീക്ക മെയറുമുണ്ട്. ബഹിരാകാശ നിലയത്തിന്റെ കമാൻഡറായ മെയറും ഫ്ലൈറ്റ് എഞ്ചിനീയറായ അനിൽ മേനോനും ക്വസ്റ്റ് എയർ ലോക്കിലൂടെ പുറത്തുവന്ന് സ്റ്റാർബോർഡ് 6 ട്രസ്സിൽ ഹാർഡ്‌വെയറുകൾ സ്ഥാപിക്കും. നിലയത്തിന്റെ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ 'റോൾ-ഔട്ട്' സൗരോർജ്ജ പാനലുകൾ (IROSA) ഭാവിയിൽ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. വലിപ്പവും ഭാരവും കുറവാണെങ്കിലും നിലവിലെ പാനലുകളേക്കാൾ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിയും.
ബഹിരാകാശ നിലയത്തിനുള്ളിൽ നാസയുടെ ജാക്ക് ഹാതവേ, യൂറോപ്യൻ സ്പേസ് ഏജൻസി യാത്രിക സോഫി അഡെനോട്ട് എന്നിവർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുകയും ചെയ്യും.