‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; വിവാദ പരാമർശവുമായി വീണ്ടും ഇലോൺ മസ്ക്

 

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി എക്‌സ് (X) ഉടമ ഇലോൺ മസ്ക്. "ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്" (Instagram is for girls) എന്നായിരുന്നു മസ്കിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി അറിയിച്ച ഒരു ഉപയോക്താവിന്റെ എക്‌സ് പോസ്റ്റിന് താഴെ നൽകിയ മറുപടിയിലാണ് മസ്ക് ഈ നിരീക്ഷണം നടത്തിയത്.

ഇൻസ്റ്റഗ്രാം അടിസ്ഥാനപരമായി സ്ത്രീകൾക്ക് മാത്രമുള്ള ആപ്പാണെന്നും ഉപയോഗശൂന്യമാണെന്നും ആരോപിച്ച് ജെയ്ഗർ ക്യാപിറ്റൽ എന്ന അക്കൗണ്ട് പങ്കുവെച്ച പോസ്റ്റിനോടാണ് മസ്ക് യോജിപ്പ് പ്രകടിപ്പിച്ചത്. മുൻപും സമാനമായ രീതിയിൽ ഇൻസ്റ്റഗ്രാമിനെയും അത് ഉപയോഗിക്കുന്ന പുരുഷന്മാരെയും പരിഹസിച്ച് മസ്ക് രംഗത്തെത്തിയിരുന്നു.

അതേസമയം, മസ്കിന്റെ പ്രതികരണത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ലിംഗവിഭാഗങ്ങളിലുമുള്ള ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാമെന്നും, എന്നാൽ മസ്കിന്റെ എക്‌സ് ആർക്ക് വേണ്ടിയുള്ളതാണെന്നും വിമർശകർ ചോദിക്കുന്നു.