ഇൻസ്റ്റഗ്രാം പ്ലസ് അവതരിപ്പിച്ചു; സ്റ്റോറികൾ ആരും അറിയാതെ കാണാം, സബ്സ്‌ക്രിപ്ഷൻ ഫീച്ചറുകളുമായി മെറ്റ
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി 'ഇൻസ്റ്റഗ്രാം പ്ലസ്' (Instagram Plus) എന്ന പേരിൽ പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷൻ സേവനം അവതരിപ്പിച്ചു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ പരീക്ഷാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മെക്സിക്കോ, ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ എക്സ്ക്ലൂസീവ് ഫീച്ചറുകൾ പരീക്ഷിക്കാൻ അവസരം ലഭിക്കുക.
പ്രീമിയം ഫീച്ചറുകൾ
സാധാരണ ഇൻസ്റ്റഗ്രാം പതിപ്പിൽ ലഭിക്കാത്ത വിപുലമായ സൗകര്യങ്ങളാണ് ഇൻസ്റ്റഗ്രാം പ്ലസ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾ പങ്കുവെക്കുന്ന സ്റ്റോറികൾ എത്രപേർ വീണ്ടും കണ്ടു (Re-watched) എന്ന് ഇതിലൂടെ അറിയാൻ സാധിക്കും. കൂടാതെ, മറ്റൊരാൾ പങ്കുവെച്ച സ്റ്റോറി അവർ അറിയാതെ തന്നെ കാണാനുള്ള (Anonymous viewing) സൗകര്യവും പ്രീമിയം വരിക്കാർക്ക് ലഭിക്കും. സ്റ്റോറികളുടെ ദൈർഘ്യം നിലവിലെ 24 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്താനും ഇതിലൂടെ സാധിക്കും. ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി 'സ്പോട്ട് ലൈറ്റ്' ചെയ്യാനും സ്റ്റോറി കണ്ടവരുടെ പട്ടികയിൽ സെർച്ച് ഓപ്ഷൻ ഉപയോഗിക്കാനും പുതിയ ഫീച്ചർ സഹായിക്കും.
നിരക്കുകൾ
പരസ്യ വരുമാനത്തിന് പുറമെ സബ്സ്‌ക്രിപ്ഷൻ വഴി അധിക വരുമാനം ലക്ഷ്യമിട്ടാണ് മെറ്റയുടെ ഈ നീക്കം. ജപ്പാനിൽ പ്രതിമാസം 2 യുഎസ് ഡോളർ, മെക്സിക്കോയിൽ 2.20 ഡോളർ, ഫിലിപ്പീൻസിൽ 1.07 ഡോളർ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. കൂടുതൽ സ്വകാര്യതയും പേഴ്‌സണലൈസേഷനും ആഗ്രഹിക്കുന്നവർക്കായാണ് ഈ പ്രീമിയം സേവനം ഡിസൈൻ ചെയ്തിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇൻസ്റ്റഗ്രാം പ്ലസ് വ്യാപിപ്പിച്ചേക്കും.