ഇനി ഇൻസ്റ്റഗ്രാം റീൽസ് ടിവിയിലും; ഇൻസ്റ്റഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ
ഇൻസ്റ്റഗ്രാം റീൽസും സ്റ്റോറീസും ഇനി മുതൽ ടെലിവിഷൻ സ്ക്രീനിലും കാണാം. 'ഇൻസ്റ്റഗ്രാം ഫോർ ടിവി' എന്ന പുതിയ ഫീച്ചർ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക പരിപാടിയായ ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ സ്ക്രീനിൽ കണ്ടന്റുകൾ ആസ്വദിക്കുന്നതിനായി ഒരുക്കിയ ഈ ആപ്പ് ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളിൽ ഉടൻ ലഭ്യമാകും.
ടിവിയിൽ ഇൻസ്റ്റഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ചോ മൊബൈൽ ആപ്പിലെ സെറ്റിങ്സ് വഴിയോ ലോഗിൻ ചെയ്യാവുന്നതാണ്. ഒരു ടിവി ആപ്പിൽ പരമാവധി അഞ്ച് അക്കൗണ്ടുകൾ വരെ ചേർക്കാനും ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ചുള്ള കണ്ടന്റുകൾ കാണാനും സാധിക്കും. ഇന്ത്യയിലെ പതിപ്പിൽ റീൽസിനും സ്റ്റോറീസിനുമാണ് പ്രധാനമായും പ്രാധാന്യം നൽകിയിരിക്കുന്നത്. ടിവിയിൽ റീൽസുകൾ താനെ പ്ലേ ചെയ്യുമെന്നും റിമോട്ട് ഉപയോഗിച്ച് പ്ലേബാക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും മെറ്റ വ്യക്തമാക്കി.