ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.ആർ.ഓ; EOS-5 ഇമേജിംഗ് ഉപഗ്രഹവുമായി GSLV-F17 നാളെ കുതിച്ചുയരും

 

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നിർണായകമായൊരു ബഹിരാകാശ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). സെപ്റ്റംബർ 4-ന് പുലർച്ചെ 2.55-ന് നിർണായകമായ EOS-5 ഇമേജിങ് ഉപഗ്രഹവുമായി ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV-F17) ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് വിക്ഷേപിക്കും.

36,000 കിലോമീറ്റർ അകലെയുള്ള ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണിത്. 2025-ലും 2026-ലും വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിക്ക് (PSLV) തുടർച്ചയായി നേരിട്ട പരാജയങ്ങൾക്ക് ശേഷമുള്ള ഐ.എസ്.ആർ.ഓയുടെ കരുത്തുറ്റ തിരിച്ചുവരവ് കൂടിയാകും ഈ ദൗത്യം. പി.എസ്.എൽ.വിയുമായി എൻജിനുകളോ പ്രൊപ്പൽഷൻ സംവിധാനങ്ങളോ പങ്കുവെക്കാത്ത ജി.എസ്.എൽ.വി മാർക്ക് II (GSLV Mk II) വിക്ഷേപണ വാഹനമാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത് എന്നതിനാൽ സാങ്കേതിക തടസ്സങ്ങൾ ഇതിനെ ബാധിക്കില്ല.

തുടക്കകാലത്തെ പ്രവചനാതീതമായ പ്രകടനം കാരണം 'നോട്ടി ബോയ്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും, തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് പ്രൊപ്പൽഷൻ ടെക്നോളജി ഉപയോഗിക്കുന്ന ജി.എസ്.എൽ.വി ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളുടെ പ്രധാന അടയാളമാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ സിവിലിയൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ NISAR ഭ്രമണപഥത്തിൽ എത്തിച്ചതും ഈ വിക്ഷേപണ വാഹനമായിരുന്നു. വിക്ഷേപണം വിജയം കാണുന്നതോടെ തിരിച്ചടികളിൽ തളരാത്ത ഐ.എസ്.ആർ.ഓയുടെ ശക്തമായ തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുക.