ചൊവ്വയുടെ ഉപഗ്രഹം ഫോബോസിന്റെ മണ്ണെടുക്കാൻ എം.എം.എക്സ് പേടകം വിക്ഷേപിച്ച് ജപ്പാൻ‍

 

ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിലേക്ക് (Phobos) ചരിത്രപരമായ പര്യവേക്ഷണത്തിനായി മാർഷ്യൻ മൂൺസ് എക്സ്പ്ലോറേഷൻ (എം.എം.എക്സ്.) പേടകം വിജയകരമായി അയച്ച് ജപ്പാൻ. ജപ്പാന്റെ മുൻനിര വിക്ഷേപണ വാഹനമായ എച്ച്-3 റോക്കറ്റിൽ തനേഗഷിമ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണം നടന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോൾ, പേടകം എച്ച്-3-ൽ നിന്ന് വിജയകരമായി വേർപെടുകയും ചൊവ്വാ ദൗത്യത്തിനുള്ള യാത്ര ആരംഭിക്കുകയും ചെയ്തതായി ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ‘ജാക്സ’ (JAXA) തത്സമയ സംപ്രേഷണത്തിലൂടെ പ്രഖ്യാപിച്ചു.

പേടകം പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും സിഗ്നലുകൾ ലഭിച്ചതായും ജാക്സ അറിയിച്ചു. അടുത്ത വർഷം ഓഗസ്റ്റോടെ പേടകം ചൊവ്വയ്ക്ക് സമീപമെത്തുകയും സുരക്ഷിതമായ ലാൻഡിങ്ങിന് പറ്റിയ പ്രദേശം കണ്ടെത്താനായി ഫോബോസിനെ വലം വെക്കുകയും ചെയ്യും. ഭൂമിയിൽനിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം ഒരു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ പരിസരത്ത് എത്തുന്ന പേടകം തുടർന്നുള്ള മൂന്ന് വർഷം ഫോബോസിന് സമീപത്തും അതിനു ചുറ്റുമായി സഞ്ചരിച്ച് പഠനങ്ങൾ നടത്തും. 2031-ൽ സാമ്പിളുകളുമായി ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

ഏകദേശം അഞ്ച് ടൺ ഭാരമുള്ള പേടകത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ, എക്‌സ്‌പ്ലൊറേഷൻ മൊഡ്യൂൾ, സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന റിട്ടേൺ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ESA) ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികൾ ഈ ദൗത്യത്തിൽ പങ്കാളികളാണ്. ഫ്രാൻസും ജർമനിയും സംയുക്തമായി വികസിപ്പിച്ച ഐഡെഫിക്സ് (Idefix) റോവർ 2029-ൽ ഫോബോസിന്റെ ഉപരിതലത്തിൽ ഇറങ്ങി 100 ദിവസത്തോളം പര്യവേക്ഷണം നടത്തും. നാസയുടെ സാമ്പിൾ ശേഖരണ ഉപകരണങ്ങൾ ഉൾപ്പെടെ 13 ആധുനിക ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.