15,000 രൂപയ്ക്ക് ലാപ്‌ടോപ് പുറത്തിറക്കാനൊരുങ്ങി ജിയോ; അറിയാം സവിശേഷതകൾ 

 

സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ വിലക്കുറവിൽ ലാപ്ടോപ് നിർമ്മിക്കാൻ തയ്യാറായി പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. എച്ച്പി, ലെനോവ, ഏസർ തുടങ്ങിയ പ്രമുഖ ലാപ്ടോപ് നിർമ്മാതാക്കളുമായി സഹകരിച്ചാണ് വില കുറഞ്ഞ ലാപ്ടോപ്പുകൾ ജിയോ നിർമ്മിക്കുക. ജിയോ ബുക്ക് പുറത്തിറക്കിയതിന് പിന്നാലെയാണ് വീണ്ടും ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾക്കായി ജിയോ പരിശ്രമിക്കുന്നത്. ജിയോ ഉടൻ തന്നെ ക്ലൗഡ് പിസി ലാപ്‌ടോപ്പ് അവതരിപ്പിക്കും. ഇതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. ലാപ്ടോപ്പിന്റെ മെമ്മറി, പ്രോസസ്സിംഗ് പവർ, ചിപ്‌സെറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇതിന്റെ വിലയും. എന്നിരുന്നാലും പുതിയ ഉപകരണത്തിൽ മികച്ച ബാറ്ററിയും പ്രൊസസറും നൽകാൻ തന്നെയാണ് ജിയോ ശ്രമിക്കുന്നത്. സ്റ്റോറേജിനും പ്രൊസസിങ്ങിനും ജിയോ ക്ലൗഡ് ഉപയോ​ഗിക്കുന്നതിനാലാണ് ഇത്ര വിലക്കുറവിൽ ലാപ്ടോപ്പുകൾ നിർമ്മിക്കാൻ സാധിക്കുന്നതെന്ന് കമ്പനി പറയുന്നു. ഉടൻ തന്നെ ഇതിന്റെ നിർമ്മാണം പൂർത്തിയാകും. അതേ സമയം അണിയറയിൽ ഒരുങ്ങുന്ന ക്ലൗഡ് ലാപ്ടോപ്പുകൾക്കായി ജിയോ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ക്ലൗഡ് പിസി സോഫ്റ്റ്‌വെയർ എന്ന രീതിയിൽ ആയിരിക്കും ജിയോ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുക.

അതായത് പുതിയ ലാപ്ടോപ് വാങ്ങാൻ താൽപര്യം ഇല്ലെങ്കിൽ പോലും ജിയോയുടെ ഈ പുതിയ സോഫ്റ്റുവെയർ വാങ്ങാൻ സാധിക്കും. ഇവ ഡെസ്‌ക്‌ടോപ്പിലും സ്‌മാർട്ട് ടിവിയിലും പ്രവർത്തിക്കും.ജിയോ സിം അവതരിപ്പിച്ചത് പോലെ ആദ്യം കുറച്ചു നാൾ സൗജന്യമായി സേവനങ്ങൾ നൽകിയതിന് ശേഷം  ഇവയ്ക്ക് സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കും. സബ്‌സ്‌ക്രൈബ് ചെയ്താൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കും. അതേ സമയം ജിയോ ആദ്യം പുറത്തിറക്കിയ ജിയോബുക്കിന് സമ്മിശ്ര പ്രതികരണം ആയിരുന്നു വിപണിയിൽ നിന്ന് ലഭിച്ചത്. എംബഡഡ് സിമ്മോട് കൂടിയ 4G ലാപ്‌ടോപ്പ് ആയിരുന്നു 2022ൽ പുറത്തിറങ്ങിയ ജിയോബുക്ക്. 366x768 പിക്സലുകളുള്ള 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപിന് ഉള്ളത്. ക്വാൽകോമിൽ നിന്നുള്ള ഒക്ടാ കോർ പ്രൊസസറിൽ ആയിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ അപ്​ഗ്രേഡ് വേർഷനും ജിയോ ഈ വർഷം അവതരിപ്പിച്ചിരുന്നു.16,499 രൂപയ്ക്ക് പുറത്തിറക്കിയ ഈ വേർഷന് 11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 2.0 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രൊസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പിന്നാലെയാണ് വീണ്ടും ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾ പുറത്തിറക്കാൻ ജിയോ തയ്യാറായിരിക്കുന്നത്.