ജോൺ ടെർനസിന് 58 മില്യൺ ഡോളർ; ടിം കുക്കിന് 47 മില്യൺ: നേതൃമാറ്റത്തിനു പിന്നാലെ ആപ്പിൾ മേധാവികളുടെ ശമ്പള വിവരങ്ങൾ പുറത്ത്

 

ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ചുമതലയേറ്റ ജോൺ ടെർനസിന്റെയും എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലമാറിയ ടിം കുക്കിന്റെയും ശമ്പള പാക്കേജ് വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (SEC) നൽകിയ റെഗുലേറ്ററി ഫയലിംഗിലാണ് ആപ്പിൾ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

പുതിയ സി.ഇ.ഒ ജോൺ ടെർനസിന് 2027 സാമ്പത്തിക വർഷത്തിൽ ഏകദേശം 58 ദശലക്ഷം ഡോളറാണ് (ഏകദേശം 480 കോടിയിലധികം രൂപ) പ്രതിഫലമായി ലഭിക്കുക. ഇതിൽ 3 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും 55 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി അവാർഡുകളും ഉൾപ്പെടുന്നു. കൂടാതെ 2026 സാമ്പത്തിക വർഷത്തേക്ക് 2.5 ദശലക്ഷം ഡോളറിന്റെ ഓഹരികളും ലഭിക്കും.

എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലേക്ക് മാറിയ ടിം കുക്കിന് 2027-ൽ ഏകദേശം 47 ദശലക്ഷം ഡോളറായിരിക്കും (ഏകദേശം 390 കോടിയിലധികം രൂപ) പാക്കേജ്. ഇതിൽ 2 ദശലക്ഷം ഡോളർ വാർഷിക ശമ്പളവും 45 ദശലക്ഷം ഡോളറിന്റെ ഓഹരികളും ഉൾപ്പെടുന്നു. ആപ്പിളിന്റെ ഓഹരി വിപണിയിലെ പ്രകടനത്തിനും വളർച്ചയ്ക്കും അനുസരിച്ചായിരിക്കും സ്റ്റോക്ക് അവാർഡുകളുടെ മൂല്യത്തിൽ മാറ്റമുണ്ടാകുക. ചരിത്രപരമായ നേതൃമാറ്റത്തിന് പിന്നാലെയാണ് ഇരുവരുടെയും വേതന വിവരങ്ങൾ പുറത്തുവന്നത്.