യു.കെയിലെ ആദ്യ AI മന്ത്രിയായി ബിഹാറുകാരനായ കനിഷ്‌ക നാരായണൻ

 

ഇന്ത്യയിൽനിന്ന് യു.കെയിലേക്ക് കുടിയേറിയ ബിഹാർ മുസാഫർപൂർ സ്വദേശിയായ കനിഷ്‌ക നാരായൺ യുകെയിലെ ആദ്യത്തെ AI (നിർമിതബുദ്ധി) മന്ത്രിയായി ചുമതലയേറ്റു. 12-ാം വയസ്സിൽ കുടുംബത്തോടൊപ്പം വെയ്ൽസിലെ കാർഡിഫിലേക്ക് കുടിയേറിയ അദ്ദേഹം നിലവിൽ ലേബർ പാർട്ടി എം.പിയാണ്. പ്രമുഖ ഗൂഗിൾ എഐ മേധാവിയും നൊബേൽ സമ്മാന ജേതാവുമായ ഡെമിസ് ഹാസാബിസ് അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ നിയമനത്തെ പ്രശംസിച്ചു.

കാർഡിഫിലെ സ്‌കൂൾ പഠനത്തിന് ശേഷം സ്കോളർഷിപ്പോടെ പ്രശസ്തമായ ഈറ്റൺ കോളേജിൽ ചേർന്ന കനിഷ്ക, ഓക്‌സ്‌ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയിൽ ബിരുദവും യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. 2022-ൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വെയ്ൽസിലെ ഗ്ലമോർഗൻ വാലിയിൽ നിന്ന് മത്സരിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. തുടർന്ന് കിയർ സ്റ്റാർമർ ഭരണകൂടത്തിൽ ശാസ്ത്ര, ഇന്നൊവേഷൻ, ടെക്‌നോളജി വകുപ്പിൽ പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിക്കവേയാണ് യുകെയിൽ പുതുതായി രൂപീകരിച്ച എഐ മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്.

യു.കെയുടെ എഐ മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരുമാനമാണിതെന്ന് അഭിനന്ദന സന്ദേശത്തിൽ ഹാസാബിസ് വ്യക്തമാക്കി. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും ജീവിതാനുഭവങ്ങളുമാണ് തന്റെ പൊതുപ്രവർത്തനത്തിന് കരുത്തേകിയതെന്ന് കനിഷ്‌ക നാരായണൻ ഓർത്തെടുത്തു.