ലൊക്കേഷൻ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു; ഗൂഗിളിന് 3,700 കോടിയിലധികം രൂപ പിഴ ചുമത്തി അയർലൻഡ്
ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അവരുടെ മതിയായ അനുമതിയില്ലാതെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് ഗൂഗിളിന് 403 മില്യൺ യൂറോ (ഏകദേശം 3,700 കോടി രൂപ) പിഴ ചുമത്തി അയർലൻഡ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ (DPC). ഐറിഷ് വാച്ച്‌ഡോഗ് ഒരു കമ്പനിക്ക് നേരെ ചുമത്തുന്ന ഏറ്റവും വലിയ നാലാമത്തെ പിഴയാണിത്.
യൂറോപ്യൻ യൂണിയനിലെ ഉപഭോക്തൃ അവകാശ സംഘടനകളുടെ പരാതിയെ തുടർന്ന് 2020 ഫെബ്രുവരിയിലാണ് ഗൂഗിളിനെതിരെ ഡി.പി.സി അന്വേഷണം ആരംഭിച്ചത്. 'വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി', 'ലൊക്കേഷൻ ഹിസ്റ്ററി', 'ലൊക്കേഷൻ അക്യുറസി' തുടങ്ങിയ സംവിധാനങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ആവശ്യത്തിലധികം കാലം സൂക്ഷിച്ചുവെന്നും, പരസ്യങ്ങൾക്കായി വിവരങ്ങൾ ഉപയോഗിക്കുന്നതിൽ സുതാര്യത പാലിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പിഴ അടയ്ക്കുന്നതിന് പുറമെ, യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ (GDPR) മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ ആറുമാസത്തിനകം ഡാറ്റാ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഗൂഗിളിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിന് കാരണമായ പഴയ നയങ്ങൾ 2019-ഓടെ തന്നെ മാറ്റിയിരുന്നുവെന്നും ലൊക്കേഷൻ നിയന്ത്രണങ്ങൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ടെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം.