ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ; ശമ്പള കുടിശിക നൽകുന്നില്ലെന്ന് ജീവനക്കാർ

 

ടെക്നോപാർക്കിലെ പ്രമുഖ സ്ഥാപനമായ ടൂൺസ് ആനിമേഷനിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടക്കുന്നതായി ജീവനക്കാരുടെ പരാതി. പ്രോജക്ടുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണമെന്ന് കമ്പനി പറയുമ്പോഴും, മാസങ്ങളോളം ശമ്പളമില്ലാതെ അവധിയിൽ നിർത്തിയെന്നും കുടിശ്ശികയും ആനുകൂല്യങ്ങളും നൽകുന്നില്ലെന്നുമാണ് ജീവനക്കാരുടെ ആരോപണം. ലേബർ ഓഫീസറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ വിഷയം ജോയിന്റ് ലേബർ കമ്മീഷണർക്ക് കൈമാറി.

നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം മൂലം പ്രോജക്ടുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും, സൗജന്യ എ.ഐ പരിശീലനം നൽകിയിട്ടും മാറ്റങ്ങൾക്ക് ഒപ്പം നിൽക്കാൻ ജീവനക്കാർക്ക് സാധിച്ചില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ മാനേജ്‌മെന്റിന്റെ വീഴ്ചകളാണ് പ്രോജക്ടുകൾ നഷ്ടമാകാൻ ഇടയാക്കിയതെന്നും, വരുമാന സ്രോതസ്സുകളുണ്ടായിട്ടും 80 ശതമാനത്തോളം ജീവനക്കാരെ ശമ്പളമില്ലാതെ മാറ്റിനിർത്തിയെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.