ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി മെറ്റ

 

പ്രായം തെറ്റായി രേഖപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ നിർമിതബുദ്ധി (എഐ) സംവിധാനവുമായി ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ. ആഗോളതലത്തിൽ നടപ്പാക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വയമേവ കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള 'ടീൻ അക്കൗണ്ടുകളിലേക്ക്' മാറ്റപ്പെടും.

ഉപയോക്താവിന്റെ പ്രായം കണക്കാക്കാൻ പ്രൊഫൈലിലെ പോസ്റ്റുകൾ, കമന്റുകൾ, ബയോ, ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പുകൾ എന്നിവ മെറ്റയുടെ എഐ വിശകലനം ചെയ്യും. ജന്മദിനാഘോഷങ്ങൾ, സ്കൂൾ ക്ലാസുകൾ എന്നിവയുടെ പരാമർശങ്ങളും ചിത്രങ്ങളിലെ ദൃശ്യസൂചനകളും ഇതിനായി ഉപയോഗിക്കും. വ്യാജ ജനനത്തീയതി നൽകി മുതിർന്നവരുടെ പ്രൊഫൈലുകളായി തുടരുന്ന കൗമാരക്കാരെ കണ്ടെത്താനാണ് ഈ നീക്കം.

ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതോടെ ഇത്തരം പ്രൊഫൈലുകൾ സ്വതവേ സ്വകാര്യമായിരിക്കും (Private). ഉപദ്രവകരമായ കമന്റുകൾ സ്വമേധയാ മറയ്ക്കപ്പെടും. പരിചയക്കാരായ ആളുകളിൽ നിന്ന് മാത്രമേ നേരിട്ടുള്ള സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയൂ. കൂടാതെ, ദിവസേന 60 മിനിറ്റ് ഉപയോഗിച്ചുകഴിഞ്ഞാൽ ആപ്പ് ക്ലോസ് ചെയ്യാനുള്ള റിമൈൻഡറും രാത്രി 10 മണി മുതൽ രാവിലെ ഏഴുമണി വരെ അറിയിപ്പുകൾ നിശബ്ദമാക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലേക്കും ഈ വർഷം അവസാനത്തോടെ ത്രെഡ്‍സിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി.