ത്രെഡ്സിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പാരന്റൽ സൂപ്പർവിഷൻ സംവിധാനവുമായി മെറ്റ

 

സമൂഹമാധ്യമങ്ങളിൽ കൗമാരക്കാരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ത്രെഡ്സിൽ 'പാരന്റൽ സൂപ്പർവിഷൻ' (Parental Supervision) സംവിധാനം അവതരിപ്പിച്ച് മെറ്റ. ഏഷ്യ-പസഫിക് മേഖലയിലാണ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ നടപ്പിലാക്കുന്നത്. മെറ്റാ ഫാമിലി സെന്റർ വഴി ലഭ്യമാകുന്ന ഈ സംവിധാനത്തിലൂടെ കുട്ടികളുടെ ഓൺലൈൻ സമയം, സ്വകാര്യതാ ക്രമീകരണങ്ങൾ, ഉള്ളടക്ക മുൻഗണനകൾ എന്നിവ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

ദിവസേനയുള്ള ആപ്പ് ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാനും രാത്രി 10 മുതൽ രാവിലെ 7 വരെ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യുന്ന 'സ്ലീപ്പ് മോഡ്' ക്രമീകരിക്കാനും ഇതിൽ സൗകര്യമുണ്ട്. കൂടാതെ 16 വയസ്സിന് താഴെയുള്ളവരുടെ സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതും സെൻസിറ്റീവ് കണ്ടന്റുകൾ നിന്ത്രിക്കുന്നതും ഇനി രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും. familycenter.meta.com/supervision എന്ന വെബ്സൈറ്റിലൂടെ രക്ഷിതാക്കൾക്ക് ഈ സുരക്ഷാ സംവിധാനം സജീവമാക്കാം.