മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു; ആഗോള തകരാർ പരിഹരിച്ചത് 36 മണിക്കൂറിന് ശേഷം

 

70-ലധികം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ബാധിച്ച മൈക്രോസോഫ്റ്റിന്റെ ആഗോള സേവനതകരാർ പരിഹരിച്ചു. 36 മണിക്കൂറിലേറെ നീണ്ടുനിന്ന തകരാറിനൊടുവിൽ ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളെല്ലാം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ഉപയോക്താക്കളോട് ഖേദം പ്രകടിപ്പിച്ച മൈക്രോസോഫ്റ്റ്, പ്രശ്നത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ മെയില്‍ബോക്‌സുകൾ പ്രവർത്തിപ്പിക്കുന്നതിൽ ഉപയോക്താക്കൾക്ക് പ്രയാസങ്ങൾ നേരിട്ടുതുടങ്ങിയത്. തുടർന്ന് ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ്, ഷെയർപോയിന്റ്, പ്ലാനർ, ടു ഡു തുടങ്ങിയ പ്രധാനപ്പെട്ട മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലേക്കും തടസ്സങ്ങൾ വ്യാപിചു. ടീംസിലെ സാധാരണ സന്ദേശയയക്കലും മീറ്റിംഗുകളും പ്രവര്‍ത്തിച്ചിരുന്നെങ്കിലും, എക്സ്ചേഞ്ച് ഓൺലൈനുമായി ബന്ധപ്പെട്ട കലണ്ടർ, മീറ്റിംഗ് ഷെഡ്യൂളിംഗ് തുടങ്ങിയ ഫീച്ചറുകളെയാണ് തകരാർ കൂടുതൽ ബാധിച്ചത്. കൂടാതെ ഇമെയിലുകൾ, കലണ്ടറുകൾ, ഫയലുകൾ എന്നിവ ആക്സസ് ചെയ്യുന്നതിലും കോപൈലറ്റ് ഉപയോഗിക്കുന്നതിലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു.

നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനായി (Capacity Upgrade) മുൻപ് നടത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഈ ആഗോള തകരാറിന് കാരണമെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. പിന്നീട് മറ്റൊരു നെറ്റ്വർക്ക് മാറ്റം വരുത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. എന്നാൽ ഇതൊരു സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളുടെ പ്രവർത്തനഫലമോ അല്ലെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എല്ലാ സേവനങ്ങളും ഒരേസമയം വേഗത്തിൽ ശരിയാക്കുന്നതിന് പകരം ഘട്ടംഘട്ടമായാണ് മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിച്ചത്. ഓരോ ഘട്ടത്തിലും സിസ്റ്റത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് കടന്നത്. തകരാർ കാരണം സമയത്ത് അയക്കാൻ കഴിയാതെ പോയ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ, ഇമെയിൽ ടൈംഔട്ട് പരിധി 48 മണിക്കൂറായി കമ്പനി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ ലോകമെമ്പാടുമുള്ള ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്ന വലിയ സ്ഥാപനങ്ങൾക്ക് ഇത്തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബദൽ സംവിധാനങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവം വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്.