ഡോക്ടറെപ്പോലെ രോഗനിർണയം നടത്താൻ മൈക്രോസോഫ്റ്റിന്റെ എ.ഐ

 

ഡോക്ടർമാരെപ്പോലെ കൃത്യമായി രോഗനിർണയം നടത്താൻ ശേഷിയുള്ള പുതിയ എ.ഐ (AI) ടൂൾ വികസിപ്പിച്ച് മൈക്രോസോഫ്റ്റ് ഗവേഷകർ. സങ്കീർണ്ണമായ വൈദ്യശാസ്ത്ര കേസുകൾ കണ്ടെത്തുന്നതിൽ ജനറൽ ഫിസിഷ്യൻമാരെക്കാൾ രണ്ടിരട്ടിയിലധികം കൃത്യത ഈ എ.ഐ സംവിധാനത്തിനുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ, നടത്തേണ്ട ലാബ് പരിശോധനകൾ എന്നിവ തിരിച്ചറിയാനും ഏകോപിപ്പിക്കാനും ഈ മോഡലിന് സാധിക്കും.

ലഭ്യമായ വിവരങ്ങൾ ഒറ്റയടിക്ക് പരിശോധിച്ച് രോഗനിർണയം നടത്തുന്ന നിലവിലെ രീതിക്ക് പകരം, ഒരു "ഓർക്കസ്ട്രേറ്റർ" (Orchestrator) സംവിധാനമാണ് മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത്. രോഗിയുടെ മുൻകാല വിവരങ്ങൾ ശേഖരിക്കൽ, ശാരീരിക പരിശോധന, തുടർ പരിശോധനകൾ എന്നിവ കൃത്യമായ ഘട്ടങ്ങളിലൂടെ ഓർക്കസ്ട്രേറ്റർ ഏകോപിപ്പിക്കുകയും ലഭ്യമാകുന്ന വിവരങ്ങൾക്ക് അനുസരിച്ച് അനുമാനങ്ങൾ പുതുക്കുകയും ചെയ്യുന്നു.

സാധാരണ പരിശോധനാ ചെലവുകളേക്കാൾ കുറഞ്ഞ ചെലവിൽ രോഗനിർണയം പൂർത്തിയാക്കാൻ ഇതിന് കഴിയും. ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച്, എമർജൻസി റൂമുകളിലെ രോഗികളുടെ പ്രാഥമിക മുൻഗണന നിശ്ചയിക്കാൻ (Triage) ഈ ടൂളിന്റെ ശേഷി പരിശോധിക്കാനിരിക്കുകയാണ് ഗവേഷകർ.