'കിമി കെ3.1 പ്രോ' എഐ മോഡൽ പുറത്തിറക്കി മൂൺഷോട്ട് എഐ

 

ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ മൂൺഷോട്ട് എഐ (Moonshot AI) പുതിയ ഓപ്പൺ-വെയ്റ്റ് എഐ മോഡലായ 'കിമി കെ3.1 പ്രോ' (Kimi K3.1 Pro) പുറത്തിറക്കി. പ്രത്യേക ടൂളുകളുടെ സഹായമില്ലാതെ ഗെയിമുകൾ നിർമ്മിക്കാനും 3D മോഡലുകൾ രൂപകൽപ്പന ചെയ്യാനും സാമ്പത്തിക ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കാനും സാധിക്കുന്ന മികച്ച കോഡിംഗ്, റീസണിംഗ് ശേഷികളോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 10 ലക്ഷം (1 Million) ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയുള്ള ഈ മോഡൽ കിമിയുടെ വെബ്‌സൈറ്റ്, ആപ്പ്, എപിഐ (API), കോഡിങ് ടൂളുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ലഭ്യമാണ്.

യൂണിറ്റി, അൺറിയൽ എഞ്ചിൻ, ഗൊഡോ തുടങ്ങിയ പ്രമുഖ ഗെയിം എഞ്ചിനുകളുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ററാക്ടീവ് ഗെയിമിംഗ് അനുഭവങ്ങൾ സൃഷ്ടിക്കാനും കിമി കെ3.1 പ്രോയ്ക്ക് സാധിക്കും. ടെക്സ്റ്റ് വിവരണം, സ്കെച്ച്, ഇമേജ് എന്നിവ ഉപയോഗിച്ച് മെക്കാനിക്കൽ ഭാഗങ്ങൾ, ആർക്കിടെക്ചറൽ മോഡലുകൾ, ഫർണിച്ചറുകൾ എന്നിവ ഡിസൈൻ ചെയ്യാനും എഡിറ്റ് ചെയ്യാനും 3D പ്രിന്റിംഗിനായി എക്സ്പോർട്ട് ചെയ്യാനുമായി '3D മേക്ക്' (3D Make) ഫീച്ചറും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സാധാരണ പതിപ്പിനേക്കാൾ 2 മുതൽ 3 മടങ്ങ് വരെ വേഗത നൽകുന്ന 'കിമി കെ3.1 പ്രോ ഹൈസ്പീഡ്' പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.