എ.ഐയിലേക്ക് ചുവടുമാറ്റം; മെറ്റയിൽ 8,000 ജീവനക്കാർക്ക് ജോലി നഷ്ടമാവും
നിർമിത ബുദ്ധി (AI) മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഒരുങ്ങുന്നു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുമിത്. നിലവിലുള്ള 6,000 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം.
എ.ഐ മേഖലയിൽ ഈ വർഷം മാത്രം 135 ബില്യൺ ഡോളർ ചെലവഴിക്കാനാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഈ മേഖലയിൽ മെറ്റ നടത്തിയ ആകെ നിക്ഷേപത്തിന് തുല്യമായ തുകയാണിത്. എ.ഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഉൽപ്പാദനക്ഷമത വർധിച്ചുവെന്നും, വലിയ ടീമുകൾ ചെയ്തിരുന്ന ജോലികൾ ഇപ്പോൾ വ്യക്തികൾക്ക് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഇത്തരമൊരു കഠിനമായ തീരുമാനം കൈക്കൊണ്ടതെന്ന് മെറ്റാ വക്താക്കൾ അറിയിച്ചു. 2022 മുതൽ ഇതുവരെ 20,000-ത്തിലധികം തൊഴിലവസരങ്ങൾ മെറ്റ ഒഴിവാക്കിയിരുന്നു. നിലവിലെ 8,000 തസ്തികകൾക്ക് പിന്നാലെ വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തെ ബാധിച്ചേക്കും.