സ്മാർട്ട്‌ഫോണുകളിൽ സർക്കാർ ആപ്പുകൾ നിർബന്ധമാക്കാനുള്ള നീക്കം; എതിർപ്പുമായി ആപ്പിളും സാംസങ്ങും

 

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ രംഗത്തെത്തി. ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഐ.ഡി.എ.ഐ ഇത്തരമൊരു നിർദ്ദേശം ഐടി മന്ത്രാലയത്തിന് മുന്നിൽ വെച്ചത്. ആധാർ ആപ്പിന് പുറമെ മറ്റ് അഞ്ച് സർക്കാർ ആപ്പുകൾ കൂടി ഫോണുകളിൽ നിർബന്ധമാക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ നിർമ്മാതാക്കളുടെ സംഘടനയായ മെയ്റ്റ് (MAIT) വഴി ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഇതിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.

സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാകുമെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ആധാർ പോലുള്ള അതീവ പ്രാധാന്യമുള്ള ബയോമെട്രിക് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് ഹാക്കിങ് സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കൂടാതെ ഇന്ത്യയിലേക്ക് മാത്രമായി പ്രത്യേക സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കി ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നത് നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യും. കയറ്റുമതി വിപണികൾക്കായി വെവ്വേറെ ഫോണുകൾ നിർമ്മിക്കേണ്ടി വരുന്നത് പ്രായോഗികമല്ലെന്നും കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.

ദുരന്ത നിവാരണ മുന്നറിയിപ്പ് നൽകുന്ന 'സചേത്' ആപ്പ് ഉൾപ്പെടെയുള്ളവ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശത്തെയും കമ്പനികൾ എതിർക്കുന്നുണ്ട്. മുൻപ് ടെലികോം തട്ടിപ്പുകൾ തടയാനുള്ള ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം സർക്കാർ പിൻവലിച്ചിരുന്നു.