ചന്ദ്രനിൽ മനുഷ്യവാസം ലക്ഷ്യമിട്ട് നാസയുടെ 'മൂൺ ബേസ്' പദ്ധതി; ഐ.എസ്.ആർ.ഒക്ക് യു.എസിന്റെ ഔദ്യോഗിക ക്ഷണം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിൽ പുതിയ നാഴികക്കല്ല്. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി നാസയുടെ അഭിമാനകരമായ 'മൂൺ ബേസ്' പദ്ധതിയിലേക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയെ യു.എസ് ഔദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ യു.എസ് എംബസിയും കോൺസുലേറ്റുകളും ചേർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന സഹകരണം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപമാണ് നാസ മൂൺ ബേസ് നിർമിക്കുന്നത്. ബഹിരാകാശ രംഗത്തെ നവീകരണങ്ങൾക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കുള്ള തയാറെടുപ്പിനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2023 ജൂണിൽ ഇന്ത്യ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണ ചർച്ചകൾ കൂടുതൽ ഊർജിതമായിരുന്നു.
ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ഓഗസ്റ്റ് 5, 6 തീയതികളിൽ നടന്ന ഒമ്പതാമത് ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന ചർച്ചകൾ നടന്നത്. മനുഷ്യ ബഹിരാകാശ യാത്രാ സാങ്കേതിക വിദ്യകളിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിലും യോഗത്തിൽ ധാരണയായി.