പുതിയ ജിമെയിൽ അക്കൗണ്ടുകൾക്ക് ഇനി 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിച്ചേക്കില്ല; നിയന്ത്രണങ്ങളുമായി ഗൂഗിൾ

 

പുതിയ ജിമെയിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് ഗൂഗിൾ നൽകിവരുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതൽ എല്ലാവർക്കും പെട്ടെന്ന് ലഭ്യമായേക്കില്ല. പുതിയ അക്കൗണ്ടുകൾക്ക് പ്രാരംഭ ഘട്ടത്തിൽ 5 ജിബി സൗജന്യ സ്റ്റോറേജ് മാത്രം നൽകുന്ന ഒരു പുതിയ നയം ഗൂഗിൾ പരീക്ഷിച്ചു വരികയാണ്. ബാക്കി 10 ജിബി കൂടി ലഭിച്ച്, ആകെ 15 ജിബി സ്റ്റോറേജ് അൺലോക്ക് ചെയ്യണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടി വരും.

പുതിയ ഗൂഗിൾ അക്കൗണ്ട് നിർമ്മിക്കാൻ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഈ മാറ്റം ആദ്യം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി പങ്കിട്ടാണ് 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാൽ പുതിയ മാറ്റം അനുസരിച്ച് ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഗൂഗിൾ കാണിക്കുന്നത്; ഒന്നുകിൽ 5 ജിബി സ്റ്റോറേജുമായി മുന്നോട്ട് പോവുക, അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കി 15 ജിബി സ്റ്റോറേജ് പൂർണ്ണമായി സ്വന്തമാക്കുക.

ഈ പുതിയ നീക്കം ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചില നിർദ്ദിഷ്ട രാജ്യങ്ങളിൽ മാത്രമാണ് ഈ പരീക്ഷണം നടക്കുന്നത്. ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള സ്റ്റോറേജ് സേവനം ഉറപ്പാക്കുന്നതിനൊപ്പം, അക്കൗണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഡാറ്റ റിക്കവറി എളുപ്പമാക്കാനും വേണ്ടിയാണ് ഈ പുതിയ പരീക്ഷണമെന്ന് ഗൂഗിൾ വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ വഴിയുള്ള സ്പാം സന്ദേശങ്ങളും ദുരുപയോഗവും തടയാൻ ഫോൺ നമ്പർ വെരിഫിക്കേഷൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഒരാൾ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടാക്കി സൗജന്യ സ്റ്റോറേജ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ 'വൺ-പെർ-പേഴ്‌സൺ' നയം വഴി സാധിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ചില ഉപയോക്താക്കളിലാണ് ഈ പരീക്ഷണം ഇപ്പോൾ ദൃശ്യമായിട്ടുള്ളത്. ഈ മാറ്റം താൽക്കാലികമാണോ അതോ ആഗോളതലത്തിൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, നിലവിൽ ജിമെയിൽ അക്കൗണ്ടുള്ളവരെ ഈ പുതിയ നയം ബാധിക്കില്ല. പുതിയ അക്കൗണ്ട് എടുക്കുന്നവർക്ക് മാത്രമായിരിക്കും ഈ നിബന്ധന ബാധകമാകുക. ഇതോടൊപ്പം, ഗൂഗിൾ തങ്ങളുടെ സപ്പോർട്ട് പേജിലെ വിവരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.