മൈക്രോസോഫ്റ്റ് സേവനതടസ്സം മുതലെടുത്ത് പുതിയ ഫിഷിങ് ആക്രമണം; ജാഗ്രതാ നിർദ്ദേശവുമായി കമ്പനി
36 മണിക്കൂർ നീണ്ട ആഗോള സേവനതടസ്സത്തിന് പിന്നാലെ മൈക്രോസോഫ്റ്റ് 365 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികളുടെ പുതിയ ഫിഷിങ് ആക്രമണം. സേവനങ്ങളിൽ നേരിട്ട തടസ്സങ്ങൾ മുതലെടുത്ത് വ്യാജ സന്ദേശങ്ങളിലൂടെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ തട്ടിയെടുക്കാൻ ഹാക്കർമാർ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി.
സേവന തടസ്സത്തിനിടെ നഷ്ടപ്പെട്ട ഇമെയിലുകൾ ഉടൻ ഡിലീറ്റ് ചെയ്യപ്പെടുമെന്നും, അവ വീണ്ടെടുക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് വ്യാജ സന്ദേശങ്ങളിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. സേവന തടസ്സം സൃഷ്ടിച്ച ആശയക്കുഴപ്പം മുതലെടുത്ത് ഉപയോക്താക്കളിൽ അടിയന്തര സാഹചര്യം ഉണ്ടാക്കി, സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ഹാക്കർമാരുടെ രീതി.
"Outage" എന്ന് തുടങ്ങി ആറ് പ്രതീകങ്ങൾ അടങ്ങിയ കോഡ് ഉൾപ്പെടുത്തിയുള്ള സബ്ജക്ട് ലൈനുകളിലാണ് ഇത്തരം വ്യാജ ഇമെയിലുകൾ എത്തുന്നത്. സർവീസ് നോട്ടിഫിക്കേഷനുകളെ പൂർണ്ണമായും അനുകരിക്കുന്ന തരത്തിലാണ് അയച്ചയാളുടെ പേരും സന്ദേശത്തിന്റെ ഘടനയും ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായും അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളെയാണ് ഈ ആക്രമണം ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലും സമാനമായ തട്ടിപ്പുകൾക്ക് സാധ്യതയുണ്ട്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
- സംശയാസ്പദമായ ഇമെയിലുകൾ കണ്ടെത്താനും ലിങ്കുകൾ പരിശോധിക്കാനും മൈക്രോസോഫ്റ്റ് ഡിഫൻഡർ ഫോർ ഓഫീസ് 365-ലെ സംവിധാനങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ടീമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- സുരക്ഷിതമായ വെബ് ലിങ്കുകൾ ഉറപ്പാക്കുന്ന 'സേഫ് ലിങ്ക്സ്' (Safe Links) സംവിധാനം ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
- അപ്രതീക്ഷിതമായി ലഭിക്കുന്ന ഔട്ടേജ് അറിയിപ്പുകളിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
- സേവന തടസ്സങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അറിയാൻ സംശയാസ്പദമായ ഇമെയിലുകൾ ഉപയോഗിക്കുന്നതിന് പകരം നേരിട്ട് 'Microsoft 365 Admin Centre' സന്ദർശിച്ച് പരിശോധിക്കുക.