അന്റാർട്ടിക്കയിലെ മഞ്ഞിനടിയിലെ കാഴ്ചകൾ പുറത്തുവിട്ട് NISAR; റഡാർ ചിത്രത്തിൽ തെളിഞ്ഞ് 'ഹമ്മിംഗ് ബേർഡ്' രൂപം

 

അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ പുറത്തുവിട്ട് നാസ-ഐഎസ്ആർഒ സംയുക്ത ഉപഗ്രഹമായ 'നിസാർ' (NISAR). ഈസ്റ്റ് അന്റാർട്ടിക്കയിൽ നിന്നുള്ള റഡാർ ഡാറ്റ അപഗ്രഥിച്ചപ്പോൾ ഭീമാകാരമായ 'ഹമ്മിംഗ് ബേർഡ്' പക്ഷിയുടേതിന് സമാനമായ രൂപത്തിലുള്ള ചിത്രമാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.

നാസയുടെ എൽ-ബാൻഡ് റഡാർ ഉപയോഗിച്ച് പകർത്തിയ വിവരങ്ങളാണ് മഞ്ഞിനടിയിലെ പർവതശിഖരത്തിന്റെ സവിശേഷമായ ചിത്രം തയ്യാറാക്കാൻ സഹായിച്ചത്. ആഴത്തിലുള്ള മഞ്ഞുപാളികളെ തുളച്ചുചെല്ലാൻ ശേഷിയുള്ളതാണ് എൽ-ബാൻഡ് റഡാർ. അന്റാർട്ടിക് ഹിമാനികളുടെ ചലനങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകാൻ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.

കഴിഞ്ഞ 2025 ജൂലൈ 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് 1.5 ബില്യൺ ഡോളർ ചെലവ് വരുന്ന NISAR (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) വിക്ഷേപിച്ചത്. നാസയുടെ എൽ-ബാൻഡ് റഡാറും ഐഎസ്ആർഒയുടെ എസ്-ബാൻഡ് റഡാറും ഒരുമിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കാൻ ശേഷിയുള്ള ഈ ഉപഗ്രഹം, ഐസ് പാളികളുടെ ഉരുകൽ, പ്രകൃതിദുരന്തങ്ങൾ, വനാഗ്നി, തീരദേശ വ്യതിയാനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.