സിമ്മും ടവറും ഇനി വേണ്ട; ഫോണിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്റർനെറ്റും കോളും, പ്രഖ്യാപനവുമായി സ്റ്റാർലിങ്ക്
ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ്എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്, 'ഡയറക്ട്-ടു-സെൽ' സാങ്കേതികവിദ്യയുമായി വരുന്നു. 2027-ൽ ഈ സേവനത്തിനായുള്ള പ്രത്യേക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കമ്പനി ഒരുങ്ങുന്നതായി ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2026-ൽ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് മൈക്കിൾ നിക്കോൾസ് വ്യക്തമാക്കി. സ്പേസ്‌എക്‌സിന്റെ മെഗാ റോക്കറ്റായ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ലോ എർത്ത് ഓർബിറ്റിലായിരിക്കും (LEO) ഈ ഉപഗ്രഹങ്ങൾ വിന്യസിക്കുക. 2024-ൽ പ്രഖ്യാപിച്ച ഈ പദ്ധതി ദീർഘനാളത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.
2027 പകുതിയോടെ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ 1,200 ഉപഗ്രഹങ്ങളായിരിക്കും ഈ ശൃംഖലയിൽ ഉണ്ടാവുക. നിലവിൽ സ്റ്റാർലിങ്കിന് അയ്യായിരത്തിലധികം ഉപഗ്രഹങ്ങളുണ്ടെങ്കിലും അതിൽ 600 എണ്ണത്തിൽ മാത്രമാണ് ഡയറക്ട്-ടു-സെൽ സാങ്കേതികവിദ്യയുള്ളത്. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മൊബൈൽ ടവറുകളുടെയോ സിം കാർഡുകളുടെയോ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് വോയിസ് കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾക്കായി ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും.
സാധാരണ മൊബൈൽ നെറ്റ്‌വർക്ക് പോലെ തന്നെ മികച്ച കണക്റ്റിവിറ്റി സാറ്റലൈറ്റ് വഴി ലഭ്യമാക്കുക എന്നതാണ് സ്റ്റാർലിങ്ക് മൊബൈലിന്റെ ലക്ഷ്യമെന്ന് മൈക്കിൾ നിക്കോൾസ് പറഞ്ഞു. സ്റ്റാർഷിപ്പ് ഉപയോഗിക്കുന്നതിലൂടെ വളരെ വേഗത്തിൽ ഉപഗ്രഹ ശൃംഖല സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ ഏത് കോണിലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ടെലികോം മേഖലയിൽ വലിയ മാറ്റങ്ങൾക്കായിരിക്കും വഴിതുറക്കുക.