പ്രതിസന്ധിയിലായി നോക്കിയ; ഇന്ത്യയിലുൾപ്പെടെ 14,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ആഗോള ടെക് മേഖലയിലെ പിരിച്ചുവിടൽ തരംഗം തുടരുന്നു. പ്രമുഖ ടെലികോം ഉപകരണ നിർമ്മാതാക്കളായ നോക്കിയ ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ് വരുത്താൻ തീരുമാനിച്ചു. ഏകദേശം 14,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഇന്ത്യയിലെ നോക്കിയയുടെ പ്രവർത്തനങ്ങളെയും ഈ തീരുമാനം കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോക്കിയയിൽ നിലവിൽ ആകെ 74,000 ജീവനക്കാരാണുള്ളത്. ഇതിൽ ഏകദേശം 17,000 പേർ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ആഗോളതലത്തിൽ 20 ശതമാനത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികൾക്ക് പിന്നാലെയാണ് നോക്കിയയും ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. എതിരാളികളായ എറിക്സണും നേരത്തെ 5,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഇന്ത്യൻ വിപണിയിൽ നോക്കിയയുടെ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. 2025-ലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റവിൽപ്പന 15 ശതമാനം ഇടിഞ്ഞ് 4,290 കോടി രൂപയിലെത്തിയിരുന്നു. മുൻവർഷം ഇത് 5,000 കോടി രൂപയായിരുന്നു. വരുമാന നഷ്ടം നികത്തുന്നതിനായി കമ്പനി ഇന്ത്യയിൽ നേതൃമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ സമർ മിത്തൽ ഇന്ത്യ കൺട്രി ബിസിനസ് ലീഡറായും വിഭ മെഹ്‌റ ഇന്ത്യ കൺട്രി മാനേജറായും ചുമതലയേൽക്കും. യൂറോപ്യൻ രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നോക്കിയ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന.
English Slug: Nokia to lay off 14,000 employees globally including India following revenue drop.