ഇനി ഇൻസ്റ്റഗ്രാമിൽ ശബ്ദം മാറ്റി സംസാരിക്കാം; വോയ്‌സ് നോട്ടുകളിൽ എട്ട് എ.ഐ ഇഫക്റ്റുകൾ

 

ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ (DM) വിപ്ലവകരമായ മാറ്റവുമായി മെറ്റ. വോയ്‌സ് നോട്ടുകൾക്ക് പുത്തൻ ഭാവം നൽകാൻ എട്ട് വ്യത്യസ്ത എ.ഐ വോയ്‌സ് ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ശബ്ദത്തിൽ മാറ്റം വരുത്തി കൂടുതൽ രസകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്ത ശേഷം താഴെ കാണുന്ന എ.ഐ വോയ്‌സ് ഇഫക്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള ഫിൽട്ടർ തിരഞ്ഞെടുക്കാം. ചിപ്‌മങ്ക്, റോബോട്ട്, അണ്ടർ വാട്ടർ, സ്റ്റേഡിയം, ഡെമൺ, ഏലിയൻ, വോബിൾ, ഫിഷ്ബൗൾ എന്നിങ്ങനെ എട്ട് വ്യത്യസ്ത ശബ്ദങ്ങളിലാണ് മാറ്റങ്ങൾ വരുത്താൻ കഴിയുക. സന്ദേശം അയക്കുന്നതിന് മുൻപ് ശബ്ദം കേട്ടുനോക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഒറിജിനൽ ശബ്ദത്തിലേക്ക് തന്നെ മടങ്ങണമെങ്കിൽ അതിനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷൻ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഇൻസ്റ്റഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.