ഇനി വാട്സ്ആപ്പിലെ ഫോട്ടോകൾ കൂടുതൽ ആകർഷകമാക്കാം; പുതിയ എ.ഐ ഫീച്ചറുമായി മെറ്റ
സ്റ്റാറ്റസുകളിലും ചാറ്റുകളിലും ഫോട്ടോകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ എ.ഐ (AI) ഫീച്ചറുമായി വാട്‌സ്ആപ്പ്. സാധാരണ ഫോട്ടോകളെ എ.ഐ ഉപയോഗിച്ച് വലുതാക്കി ഫുൾ-സ്ക്രീൻ ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന പുതിയ ടൂളാണ് മെറ്റ പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ കണ്ടെത്തിയ ഈ ഫീച്ചർ നിലവിൽ ഡെവലപ്‌മെന്റ് ഘട്ടത്തിലാണ്.
വാട്‌സ്ആപ്പിലെ ഡ്രോയിംഗ് എഡിറ്ററിലാണ് ഈ പുതിയ ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ പുതിയ 'എക്സ്പാൻഡ്' ബട്ടൺ തിരഞ്ഞെടുക്കുന്നതോടെ മെറ്റാ എ.ഐ ചിത്രത്തിന്റെ വശങ്ങളിൽ അനുയോജ്യമായ പിക്സലുകൾ സ്വയം നിർമ്മിച്ച് ഫ്രെയിം വലുതാക്കി നൽകും. ലാൻഡ്‌സ്‌കേപ്പ് അല്ലെങ്കിൽ സ്ക്വയർ ആകൃതിയിലുള്ള ചിത്രങ്ങൾ സ്റ്റാറ്റസിൽ വെക്കുമ്പോൾ വശങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കി പൂർണമായി സ്ക്രീൻ നിറഞ്ഞുനിൽക്കാൻ ഇത് സഹായിക്കും.
ലഭിക്കുന്ന ഫലത്തിൽ തൃപ്തിയില്ലെങ്കിൽ വീണ്ടും എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ടാകും. ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചാറ്റുകളേക്കാൾ മുൻപ് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലായിരിക്കും ഇത് ആദ്യം ലഭ്യമാകുക എന്നാണ് സൂചന.