13 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി ചാറ്റ്ജിപിടി ഫോർ ടീൻസ് അവതരിപ്പിച്ച് ഓപ്പൺഎഐ

 

പഠനത്തിനും ദൈനംദിന ആവശ്യങ്ങൾക്കും കുട്ടികൾ എ.ഐ ചാറ്റ്ബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ കൗമാരക്കാർക്കായി പ്രത്യേക 'ചാറ്റ്‌ജിപിടി ടീൻസ്' മോഡ് അവതരിപ്പിച്ച് ഓപ്പൺഎഐ. കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും പ്രായത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രതികരണങ്ങൾ നൽകാനുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുട്ടികൾക്ക് ഹാനികരമായ വിവരങ്ങൾ ലഭിക്കാതിരിക്കാൻ അതിനൂതനമായ ഫിൽട്ടറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്വയം ഉപദ്രവിക്കൽ, ആത്മഹത്യ, പ്രണയപരമോ ലൈംഗികമോ ആയ ചാറ്റുകൾ എന്നിവ തടയാനുള്ള പ്രത്യേക നിയന്ത്രണങ്ങളും ഇതിലുണ്ട്. കുട്ടികളുടെ മാനസിക വളർച്ചയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

കൗമാരക്കാരെ കൊച്ചുകുട്ടികളായി കാണാതെ, അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ശരിയായ മാർഗനിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ആഗസ്റ്റ് 19 മുതൽ ഈ പുതിയ മോഡ് ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ സുരക്ഷിതമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും.