ഐഫോണുകളിൽ പെഗാസസ് മാതൃകയിലുള്ള സ്‌പൈവെയർ ഭീഷണി: ലോക്ക് സ്‌ക്രീനിൽ നേരിട്ട് മുന്നറിയിപ്പ് നൽകാൻ ആപ്പിൾ

 

ആഗോളതലത്തിൽ സ്മാർട്ട്‌ഫോണുകളെ ലക്ഷ്യമിട്ടുള്ള അത്യാധുനിക സ്‌പൈവെയർ ആക്രമണങ്ങൾക്കെതിരെ സുരക്ഷ ശക്തമാക്കി പ്രമുഖ ടെക് ഭീമനായ ആപ്പിൾ. പെഗാസസ് ഉൾപ്പെടെയുള്ള വിനാശകാരിയായ ചാര സോഫ്റ്റ്‌വെയറുകളുടെ ഭീഷണിയുണ്ടായാൽ ഐഫോൺ ഉടമകളെ നേരിട്ട് വിവരമറിയിക്കുന്ന പുതിയ അലേർട്ട് സംവിധാനം കമ്പനി പ്രാബല്യത്തിൽ വരുത്തി. ഓഗസ്റ്റ് 13-ന് പുറത്തിറക്കിയ പുതുക്കിയ സേവന നയത്തിലാണ് ആപ്പിൾ ഈ നിർണായക മാറ്റം വ്യക്തമാക്കിയത്. ഇന്ത്യയുൾപ്പെടെ 110-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ മുന്നറിയിപ്പ് സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ലോക്ക് സ്‌ക്രീനിൽ അലേർട്ടുകൾ ലഭിക്കും

മുമ്പ് ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളിലേക്ക് മാത്രം അയച്ചിരുന്ന സുരക്ഷാ മുന്നറിയിപ്പുകൾ ഇനി ഉപയോക്താക്കളുടെ ഫോണിൽ നേരിട്ട് ദൃശ്യമാകും. ഫോണിന്റെ ലോക്ക് സ്‌ക്രീനിലും സെറ്റിങ്‌സ് ഫോൾഡറിലും ആപ്പിൾ ഐഡി (account.apple.com) പേജിന്റെ മുകൾഭാഗത്തും മുന്നറിയിപ്പ് സന്ദേശങ്ങൾ തെളിയും. ഇത് ഉപയോക്താക്കൾക്ക് ഉടനടി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ സഹായകമാകും.

ഭരണകൂടങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കിങ് ഗ്രൂപ്പുകളും എൻ.എസ്.ഒ ഗ്രൂപ്പ് പോലുള്ള സ്വകാര്യ സ്‌പൈവെയർ നിർമാതാക്കളുമാണ് ഇത്തരം അത്യാധുനിക നിരീക്ഷണ സോഫ്റ്റ്‌വെയറുകൾക്ക് പിന്നിൽ. സാധാരണക്കാരായ ഉപയോക്താക്കളെക്കാൾ മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, നയതന്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ആപ്പിളിന്റെ ഇൻ-ഹൗസ് ത്രെറ്റ് ഇന്റലിജൻസ് ശൃംഖല വഴിയാണ് ഇത്തരം സുരക്ഷാ ലംഘനങ്ങൾ തിരിച്ചറിയുന്നത്.

വ്യാജ മുന്നറിയിപ്പുകൾ തിരിച്ചറിയാം

സുരക്ഷാ മുന്നറിയിപ്പുകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു. കമ്പനി അയക്കുന്ന യഥാർത്ഥ അലേർട്ടുകളിൽ യാതൊരുവിധ ലിങ്കുകളോ, ഫയലുകളോ, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശങ്ങളോ ഉണ്ടാകില്ല. വ്യക്തിഗത വിവരങ്ങളോ പാസ്‌വേഡുകളോ പങ്കുവെക്കാൻ കമ്പനി ഒരിക്കലും ആവശ്യപ്പെടുകയുമില്ല. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ നേരിട്ട് ആപ്പിളിന്റെ ഔദ്യോഗിക അക്കൗണ്ട് പേജിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ സ്ഥിരീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.