സ്വകാര്യതാ വിവാദം: 'മ്യൂസ് ഇമേജ്' എഐ ഫീച്ചർ പിൻവലിച്ച് മെറ്റ
ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും കടുത്ത വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ ഇൻസ്റ്റാഗ്രാമിലെ പബ്ലിക് ഉള്ളടക്കം ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന 'മ്യൂസ് ഇമേജ്' (Muse Image) എന്ന പുതിയ എഐ ഫീച്ചർ മെറ്റ പിൻവലിച്ചു. മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സ് പുറത്തിറക്കിയ ആദ്യ എഐ ഇമേജ് ജനറേഷൻ മോഡലായ മ്യൂസ് ഇമേജ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവതരിപ്പിച്ചത്.
മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളെ ടാഗ് ചെയ്യാനും, അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ എഐ ചിത്രങ്ങൾ നിർമ്മിക്കാനും അല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താനും ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. ഇതാണ് കടുത്ത സ്വകാര്യതാ പ്രശ്നങ്ങൾക്കും പ്രതിഷേങ്ങൾക്കും വഴിവെച്ചത്.
വിവാദങ്ങളെത്തുടർന്ന് ജൂലൈ ഒമ്പതിനാണ് ഈ ഫീച്ചർ പിൻവലിച്ചതായി മെറ്റ ഔദ്യോഗികമായി അറിയിച്ചത്. ഒരു മികച്ച ക്രിയേറ്റീവ് ടൂൾ നൽകുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, ഈ ഫീച്ചർ ഉദ്ദേശിച്ച ഫലം നൽകിയില്ല എന്ന ഫീഡ്‌ബാക്ക് ലഭിച്ചതിനാലാണ് ഇത് പിൻവലിക്കുന്നതെന്ന് മെറ്റ പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോളിവുഡ് അഭിനേതാക്കളുടെ യൂണിയനായ സാഗ്-ആഫ്‌ട്ര (SAG-AFTRA) ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളിൽ നിന്ന് ഈ ഫീച്ചറിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഉപയോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ എഐ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഫീച്ചർ പിൻവലിച്ച മെറ്റയുടെ നടപടിയെ സാഗ്-ആഫ്‌ട്ര സ്വാഗതം ചെയ്തു.
ഈ വർഷം ആദ്യം എഐ സ്മാർട്ട് ഗ്ലാസുകളും ഇമേജ് ജനറേഷൻ ടൂളുകളും ഉൾപ്പെടെ നിരവധി എഐ ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസ്സഞ്ചർ എന്നിവയിലും കൂടുതൽ എഐ ഫീച്ചറുകൾ കൊണ്ടുവരാനും ഒരു എഐ വീഡിയോ ടൂൾ നിർമ്മിക്കാനും മെറ്റയ്ക്ക് പദ്ധതിയുണ്ട്. എന്നാൽ ഉപയോക്താക്കളുടെ ഡാറ്റയും പബ്ലിക് പോസ്റ്റുകളും എഐ കമ്പനികൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും നിയമക്കുരുക്കുകളും നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ എഐ ഫീച്ചർ മെറ്റയ്ക്ക് പിൻവലിക്കേണ്ടി വന്നത്.