പ്രതിഷേധക്കാർ ഇന്റർനെറ്റില്ലാതെ ചാറ്റ് ചെയ്തു; 'Bitchat' ആപ്പ് നീക്കം ചെയ്യാൻ കേന്ദ്ര നിർദേശം
ഇന്റർനെറ്റ് സഹായമില്ലാതെ പ്രവർത്തിക്കുന്ന 'ബിറ്റ് ചാറ്റ്' (Bitchat) മെസേജിങ് ആപ്പ് നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമായ ഗിറ്റ്‌ഹബ്ബിന് (GitHub) നിർദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഗിറ്റ്‌ഹബ്ബിലുള്ള ബിറ്റ് ചാറ്റിന്റെ ആപ്പ് ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ പ്രതിഷേധക്കാർ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഐ.ടി. ആക്റ്റിലെ വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളും ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരവ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ആപ്പുകളിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
ഉത്തരവിന്റെ പകർപ്പ് ബിറ്റ് ചാറ്റ് സ്ഥാപകൻ ജാക്ക് ഡോർസി എക്‌സിലൂടെ പുറത്തുവിട്ടു. മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ഇല്ലാതെ ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കുകൾ വഴി പിയർ-ടു-പിയർ ആശയവിനിമയം സാധ്യമാക്കുന്നതാണ് ഈ ആപ്പ്. ഫോൺ നമ്പറോ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്തതിനാൽ വ്യക്തിഗത വിവരങ്ങൾ ട്രാക്ക് ചെയ്യാനാകില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഇത്തരം ആപ്പുകൾ ഭീഷണിയാകുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.