ആഗസ്റ്റിൽ ആകാശത്ത് അപൂർവ അത്ഭുതക്കാഴ്ചകൾ: സൂര്യഗ്രഹണവും പെഴ്സീഡ് ഉൽക്കാവർഷവും കാണാം!

 

ഈ ആഗസ്റ്റ് മാസത്തിൽ വാനനിരീക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് സൂര്യഗ്രഹണം, ഉൽക്കാവർഷം, ഭാഗിക ചന്ദ്രഗ്രഹണം എന്നിവയടക്കമുള്ള നിരവധി അപൂർവ ആകാശക്കാഴ്ചകളാണെന്ന് ജദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് മജീദ് അബു സഹ്ര അറിയിച്ചു.

ആഗസ്റ്റ് 12-ന് പൂർണ സൂര്യഗ്രഹണം സംഭവിക്കുമെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഇത് ദൃശ്യമാകില്ല. റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിലാണ് ഇത് പൂർണമായി കാണാനാവുക. എന്നാൽ, ആഗസ്റ്റ് 12 രാത്രിയിലും 13 പുലർച്ചെയുമായി നടക്കുന്ന 'പെഴ്സീഡ്' ഉൽക്കാവർഷം വെറുംകണ്ണുകൊണ്ട് വ്യക്തമായി കാണാം. അമാവാസി സമയമായതിനാൽ ഇരുണ്ട പ്രദേശങ്ങളിൽ നിന്ന് മണിക്കൂറിൽ 100 ഉൽക്കകൾ വരെ കാണാനാകും.

ഇതിനുപുറമെ, ആഗസ്റ്റ് 27, 28 തീയതികളിലൊന്നിൽ ഭാഗിക ചന്ദ്രഗ്രഹണവും നടക്കും. ചന്ദ്രന്റെ 93 ശതമാനത്തോളം ഭൂമിയുടെ നിഴലിലാകുന്ന ഈ ഗ്രഹണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ദൃശ്യമാകും. വടക്കൻ ആകാശത്തുള്ള 'ടി കൊറോണ ബോറിയാലിസ്' എന്ന നോവയിൽ സ്ഫോടനം നടക്കാനുള്ള സാധ്യതയും ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയാണ്.