എ.ഐ വളർച്ചയുടെ വേഗത കുറയ്ക്കാൻ തയ്യാറെന്ന് സാം ആൾട്ട്മാൻ; നീക്കം സുരക്ഷാ ആശങ്കകൾ മുൻനിർത്തി

 

കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ അതിവേഗ വികസനത്തിന് താൽക്കാലികമായി വേഗത കുറയ്ക്കാൻ തയ്യാറാണെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. അത്യാധുനിക എ.ഐ സംവിധാനങ്ങളുടെ വികസന വേഗത കുറയ്ക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ടെന്ന് ജീവനക്കാരുമായി നടത്തിയ ആന്തരിക യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. എ.ഐ വികസനവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകൾ ശക്തമാകുന്നതിനിടയിലാണ് സാം ആൾട്ട്മാന്റെ നിലപാട് മാറ്റം.

മറ്റ് പ്രമുഖ എ.ഐ ലാബുകളും ടെക് കമ്പനികളും ഇതേ ജാഗ്രതാ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എല്ലാ കമ്പനികളും ഈ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ചേക്കില്ലെന്നും ചിലർ വിട്ടുനിന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷ മുൻനിർത്തി ചില മോഡലുകളുടെ വികസന പ്രവർത്തനങ്ങളും ആന്തരിക പരിശീലനങ്ങളും കമ്പനി ഭാഗികമായി മരവിപ്പിച്ചിട്ടുണ്ട്.

എ.ഐയുടെ നിയന്ത്രണമില്ലാത്ത വളർച്ചയെക്കുറിച്ചും കമ്പനികൾ സുരക്ഷ അവഗണിച്ച് സൂപ്പർ ഇന്റലിജൻസിനായി മത്സരിക്കുന്നതിനെക്കുറിച്ചും ആഗോളതലത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ബ്ലൂംബെർഗ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഓപ്പൺ എ.ഐ വിസമ്മതിച്ചു. നിലവിലെ ചർച്ചകൾ ആന്തരിക ഘട്ടത്തിലായതിനാൽ ചാറ്റ് ജി.പി.ടി (ChatGPT) ഉൾപ്പെടെയുള്ള സേവനങ്ങളെ ഇത് പെട്ടെന്ന് ബാധിക്കില്ല.