റീപോസ്റ്റ് കണ്ടന്റുകൾക്ക് ഇനി റീച്ച് കുറയും; ഒറിജിനൽ കണ്ടന്റുകൾക്ക് മുൻഗണന നൽകാൻ യൂട്യൂബ് ഷോർട്സ്
മറ്റുള്ളവരുടെ ക്ലിപ്പുകളും വീഡിയോകളും കാര്യമായ മാറ്റങ്ങളില്ലാതെ പുനഃപ്രസിദ്ധീകരിക്കുന്ന ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി യൂട്യൂബ്. ക്രിയേറ്റർമാരുടെ ഒറിജിനൽ കണ്ടന്റുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതിനായി യൂട്യൂബ് ഷോർട്സിന്റെ റെക്കമൻഡേഷൻ സിസ്റ്റത്തിലാണ് ഈ പുതിയ അപ്‌ഡേറ്റ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മറ്റുള്ളവരുടെ വീഡിയോകൾ അതുപോലെ അപ്‌ലോഡ് ചെയ്യുന്ന ചാനലുകളുടെ റീച്ചും കാഴ്ചക്കാരുടെ എണ്ണവും ഗണ്യമായി കുറയും.
മറ്റുള്ളവരുടെ ക്ലിപ്പുകൾ ഉപയോഗിക്കുന്നവർ സ്വന്തമായ വിവരണം, വിശകലനം, അല്ലെങ്കിൽ സ്റ്റോറി ടെല്ലിംഗ് എന്നിവ ഉൾപ്പെടുത്തി നിർമ്മാണത്തിൽ കാര്യമായ മൂല്യം കൂട്ടിച്ചേർക്കണമെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. വെറുതെ പശ്ചാത്തല വിവരണം നൽകുന്നതോ ചെറിയ സാങ്കേതിക മാറ്റങ്ങൾ വരുത്തുന്നതോ പുതിയ നയപ്രകാരം പര്യാപ്തമല്ല. മറ്റുള്ളവരുടെ സിനിമകൾ, ലൈവ് സ്ട്രീമുകൾ, ജനപ്രിയ വീഡിയോകൾ എന്നിവ പുനരുപയോഗിക്കുന്ന ഫാൻ പേജുകളെയും ചാനലുകളെയും ഈ മാറ്റം കാര്യമായി ബാധിക്കും.