സെൽഫ് ഡ്രൈവ് വാഹനങ്ങൾക്ക് റിയാദിൽ പ്രത്യേക പാത; സ്മാർട്ട് ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സെൽഫ് ഡ്രൈവ് (Self-drive) വാഹനങ്ങൾക്കായി പ്രത്യേക പാതയും പുതിയ റൂട്ടും സജ്ജമായി. നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ ഹയാത്ത് മാളിനും റിയാദ് ഗാലറിക്കും ഇടയിലാണ് ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ഈ പുതിയ പാത ആരംഭിച്ചത്. റിയാദ് പൊതുഗതാഗത അതോറിറ്റിയാണ് (TGA) ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളം സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിഷൻ 2030-ന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.
നേരിട്ടുള്ള സാങ്കേതിക മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും ഈ വാഹനങ്ങൾ ദിവസവും സർവ്വീസ് നടത്തുക. യാത്രക്കാർക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡും ചുറ്റുപാടുകളും കൃത്യമായി നിരീക്ഷിക്കാനും ഗതാഗത മാറ്റങ്ങളോട് നിമിഷങ്ങൾക്കുള്ളിൽ പ്രതികരിക്കാനും ശേഷിയുള്ള അത്യാധുനിക സെൻസറുകൾ, കാമറകൾ, ഇന്റലിജന്റ് സിസ്റ്റങ്ങൾ എന്നിവ ഈ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന പ്രത്യേക സാങ്കേതികവിദ്യകളും ഇതിന്റെ പ്രത്യേകതയാണ്.
ഈ പദ്ധതിയുടെ പൈലറ്റ് ഘട്ടം നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മുൻപ് നടത്തിയ പരീക്ഷണ ഓട്ടങ്ങളിൽ 1,700-ലധികം യാത്രകൾ പൂർത്തിയാക്കുകയും 3,000-ത്തിലധികം യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നു. ആ വിജയത്തിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ സ്ഥിരമായ റൂട്ടുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്. ഭാവിയിൽ റിയാദിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് സെൽഫ് ഡ്രൈവ് വാഹനങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്.