ബഹിരാകാശത്ത് ‘റോബോട്ട് രക്ഷാപ്രവർത്തനം'; നാസയുടെ നിരീക്ഷണകേന്ദ്രത്തെ വീണ്ടെടുക്കാൻ റോബോട്ടിക് ദൗത്യം
ഭൂമിയിലേക്ക് പതിച്ച് നശിക്കാനൊരുങ്ങുന്ന തങ്ങളുടെ പഴക്കമേറിയ ബഹിരാകാശ നിരീക്ഷണകേന്ദ്രത്തെ രക്ഷിക്കാൻ ചരിത്രത്തിലാദ്യമായി റോബോട്ടിക് ദൗത്യത്തിനൊരുങ്ങി നാസ. 2004 മുതൽ പ്രപഞ്ചത്തിലെ അതിശക്തമായ ഗാമാ-റേ സ്ഫോടനങ്ങളും മറ്റ് അപൂർവ പ്രതിഭാസങ്ങളും നിരീക്ഷിക്കുന്ന 'നീൽ ഗെഹ്രെൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി'യുടെ ഭ്രമണപഥം ഉയർത്തി പ്രവർത്തനകാലം ദീർഘിപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഏകദേശം മൂന്ന് കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യത്തിനായി അമേരിക്കൻ സ്റ്റാർട്ടപ്പായ കാറ്റലിസ്റ്റ് സ്‌പേസ് ടെക്‌നോളജീസിനെയാണ് നാസ ചുമതലപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ 'ലിങ്ക്' (Link) എന്ന സ്വയംനിയന്ത്രിത റോബോട്ടിക് ബഹിരാകാശവാഹനമാണ് സ്വിഫ്റ്റിനെ സമീപിച്ച് സുരക്ഷിതമായ ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റുക. ബഹിരാകാശ ചരിത്രത്തിൽ ഇതുപോലൊരു പരീക്ഷണം ഇതാദ്യമായാണ്.
ദൗത്യം ഇങ്ങനെ; പത്ത് വർഷം വരെ അധിക ആയുസ്സ് ലഭിച്ചേക്കും
വിക്ഷേപണത്തിന് ശേഷം ഏകദേശം ഒരു മാസം കൊണ്ട് 'ലിങ്ക്' ബഹിരാകാശവാഹനം സ്വിഫ്റ്റിന് സമീപത്തെത്തും. തുടർന്ന് പ്രത്യേക റോബോട്ടിക് കൈകൾ ഉപയോഗിച്ച് ഉപഗ്രഹത്തെ പിടിച്ചെടുത്ത ശേഷം, രണ്ട് മാസത്തോളം നീളുന്ന പ്രക്രിയയിലൂടെ അതിന്റെ ഭ്രമണപഥം 600 കിലോമീറ്ററോളം ഉയരത്തിലുള്ള സ്ഥിരതയാർന്ന ഘടനയിലേക്ക് ഉയർത്തും. ഈ അപൂർവ്വ ദൗത്യം വിജയകരമായാൽ സ്വിഫ്റ്റിന് ശാസ്ത്രീയ നിരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്നും, പത്ത് വർഷം വരെ അധിക പ്രവർത്തനകാലം ലഭിക്കുമെന്നുമാണ് നാസയുടെ പ്രതീക്ഷ.