ഇനി വിമാനത്താവളങ്ങളിലും റോബോട്ടുകൾ; പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ എയർലൈൻസ്

 

ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾ എന്നും ലോകത്തിന് സമ്മാനിക്കുന്ന ജപ്പാൻ, വ്യോമയാന മേഖലയിലും പുതിയ വിപ്ലവത്തിന് തുടക്കമിടുന്നു. ടോക്യോയിലെ ഹനേഡ വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾക്കായി ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കാൻ ജപ്പാൻ എയർലൈൻസ് (JAL) തീരുമാനിച്ചു. ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ മേയ് മാസം മുതൽ രണ്ട് വർഷത്തേക്കാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത്.

ചൈനീസ് നിർമിത റോബോട്ടുകളെയാണ് തുടക്കത്തിൽ കാർഗോ കണ്ടെയ്നറുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഉപയോഗിക്കുക. ജപ്പാൻ എയർലൈൻസും ജി.എം.ഒ എ.ഐ ആൻഡ് റോബോട്ടിക്സും സംയുക്തമായാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ജപ്പാനിലെ യുവാക്കളുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവും ടൂറിസം മേഖലയിലുണ്ടായ വലിയ കുതിച്ചുചാട്ടവും മൂലം അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കം. ഭാവിയിൽ വിമാനത്തിലെ ക്യാബിനുകൾ വൃത്തിയാക്കാനും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്.

വിമാനത്താവളങ്ങളുടെ സുരക്ഷാ പട്രോളിങ്ങിനും വിൽപനകൾക്കുമായി നിലവിൽ തന്നെ ജപ്പാനിൽ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ശാരീരികമായി കൂടുതൽ അധ്വാനം വേണ്ടിവരുന്ന ബാക്ക്-എൻഡ് പ്രവർത്തനങ്ങളിൽ റോബോട്ടുകളെ എത്തിക്കുന്നത് ഇതാദ്യമായാണ്. സുരക്ഷാ മാനേജ്മെന്റ് പോലുള്ള ചില ഉത്തരവാദിത്തങ്ങൾ മനുഷ്യർ തന്നെ കൈകാര്യം ചെയ്യുമെങ്കിലും, കഠിനമായ ജോലികളിൽ റോബോട്ടുകളുടെ സാന്നിധ്യം ജീവനക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് അധികൃതർ കരുതുന്നു. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം ഏഴ് ദശലക്ഷത്തിലധികം സഞ്ചാരികൾ ജപ്പാൻ സന്ദർശിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.