റോക്കറ്റ് വേഗത്തില്‍ പാഞ്ഞ് ട്രെയിന്‍; മണിക്കൂറിൽ 700 കി.മീ വേഗവുമായി ചൈനയുടെ ലോക റെക്കോര്‍ഡ്
സാങ്കേതിക വിദ്യയിൽ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ചൈന. പുതുതായി വികസിപ്പിച്ച മാഗ്നെറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിച്ച് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകർ 400 മീറ്റർ നീളമുള്ള പ്രത്യേക ട്രാക്കിലാണ് പരീക്ഷണം നടത്തിയത്.
അതിവേഗം കൈവരിച്ച ശേഷം ട്രെയിൻ സുരക്ഷിതമായി നിർത്താൻ സാധിച്ചു എന്നതും ഈ പരീക്ഷണത്തിന്റെ വലിയ വിജയമാണ്. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 'സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ്' ട്രെയിനായി ഇത് മാറി. ട്രെയിൻ ഒരു മിന്നൽപ്പിണർ പോലെ പാഞ്ഞുപോകുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് പിന്തുടരാൻ കഴിയാത്ത അത്ര വേഗത്തിലാണ് ട്രെയിൻ ട്രാക്കിലൂടെ നീങ്ങുന്നത്.
നിലവിൽ ഷാങ്ഹായിൽ വാണിജ്യാടിസ്ഥാനത്തിൽ മാഗ്ലെവ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അവയുടെ പരമാവധി വേഗത മണിക്കൂറിൽ 431 കിലോമീറ്ററാണ്. എന്നാൽ പുതിയ പരീക്ഷണത്തിലൂടെ വിമാനങ്ങളുടെ വേഗതയോട് കിടപിടിക്കുന്ന ട്രെയിനുകൾ യാഥാർത്ഥ്യമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഭാവിയിൽ അതിവേഗ യാത്രകളിൽ വലിയൊരു വിപ്ലവത്തിന് ഈ സാങ്കേതികവിദ്യ തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.