ഐഫോൺ വരവിന് പിന്നാലെ വിലകൂട്ടി സാംസങ്; ഒറ്റയടിക്ക് കൂട്ടിയത് 20,000 രൂപ വരെ

 

സാംസങ് ഗാലക്സി എസ് 26 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യയിലെ വിലയിൽ കമ്പനി വൻ വർധനവ് വരുത്തി. അടിസ്ഥാന മോഡൽ മുതൽ ഉയർന്ന വേരിയന്റുകൾക്ക് വരെ ഒറ്റയടിക്ക് 20,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ സീരീസ് വിപണിയിലെത്തിയ അതേ സമയത്താണ് സാംസങിന്റെയും ഈ വിലവർധന.

ആഗോള വിപണിയിലെ മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിർമാണച്ചെലവിലുണ്ടായ വർധനവുമാണ് വില കുതിച്ചുയരാൻ പ്രധാന കാരണം.വിലവർധനയോടെ ഗാലക്സി എസ് 26-ന്റെ (256GB) പുതിയ വില 1,07,999 രൂപയായി ഉയർന്നു. ഗാലക്സി എസ് 26 പ്ലസിന് 1,39,999 രൂപയും എസ് 26 അൾട്രായുടെ അടിസ്ഥാന മോഡലിന് 1,59,999 രൂപയുമാണ് പുതിയ വില.

ഏറ്റവും ഉയർന്ന വേരിയന്റായ ഗാലക്സി എസ് 26 അൾട്രാ 1TB മോഡലിന് 2,09,999 രൂപ നൽകേണ്ടി വരും. സ്മാർട്ട്‌ഫോൺ വിപണിയിലെ ഈ അപ്രതീക്ഷിത വിലക്കയറ്റം പ്രീമിയം ഫോണുകൾ വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.