അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിന് സൗദി അറേബ്യ വേദിയാകുന്നു
അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിന്റെ (INSO 2026) മൂന്നാം പതിപ്പിന് സൗദി അറേബ്യ വേദിയാകുന്നു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ ഓഗസ്റ്റ് 2 മുതൽ 9 വരെ നടക്കുന്ന ഒളിമ്പ്യാഡിൽ 19 രാജ്യങ്ങളിൽ നിന്നായി 120-ഓളം വിദ്യാർത്ഥികളും ശാസ്ത്ര വിദഗ്ധരും പങ്കെടുക്കും.
സൗദി വിദ്യാഭ്യാസ മന്ത്രാലയം, 'മൗഹിബ' (King Abdulaziz and His Companions Foundation for Giftedness and Creativity), 'കാകെയർ' (K.A.CARE) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 3-ന് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും. 2024-ൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) അംഗീകാരം നൽകിയ ഇൻസോ, ന്യൂക്ലിയർ സയൻസിലെയും അതിന്റെ സമാധാനപരമായ പ്രയോഗങ്ങളിലെയും പ്രമുഖ ആഗോള ശാസ്ത്ര വേദിയാണ്. ന്യൂക്ലിയർ സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
2024-ൽ ഫിലിപ്പീൻസിലും 2025-ൽ മലേഷ്യയിലും നടന്ന മുൻ പതിപ്പുകളിൽ പങ്കെടുത്ത സൗദി വിദ്യാർത്ഥികൾ ഒരു വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്നാം പതിപ്പിന് വേദിയാകുന്നതിലൂടെ ശാസ്ത്രീയ മികവിനെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത സൗദി അറേബ്യ വീണ്ടും വ്യക്തമാക്കുകയാണ്.