ഇഷ്ടപ്പെടാത്ത ആഹാരം കഴിച്ച് ഇനി കാശ് കളയേണ്ടിവരില്ല; 'ഇ- ടംഗ്' ഉപയോഗിച്ച് ഇനി രുചിയറിയാം
വെർച്വൽ റിയാലിറ്റിയിൽ രുചിയറിയാൻ സഹായിക്കുന്ന ഇ-നാവ് (ഇ- ടംഗ്) വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഈ 'നാവ്' ഉപയോഗിച്ച് കേക്ക്, മീൻ സൂപ്പ് തുടങ്ങിയവയുടെ രുചി അറിയാം. എന്നാൽ മണം തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല.
യിഷേൻ ജിയയുടെ നേതൃത്വത്തിൽ ഒഹിയോ സർവകലാശാലയിലെ ഗവേഷകരാണ് ഇ-ടേസ്റ്റ് വികസിപ്പിച്ചത്. ആഹാര സാമ്പിളുകൾ വിശകലനം ചെയ്ത് ആളുകളുടെ വായിൽ രുചി ഭാഗികമായി പുനർനിർമിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. രുചിക്ക് അനുസൃതമായി പ്രവർത്തിക്കുന്ന അഞ്ച് പ്രധാന രാസവസ്തുക്കളാണ് ഇതിന് മുഖ്യമായും ഉപയോഗിക്കുന്നത്. സോഡിയം ക്ളോറൈഡ് (ഉപ്പുരസം), സിട്രിക് ആസിഡ് (പുളി), ഗ്ളൂക്കോസ് (മധുരം), മഗ്നീഷ്യം ക്ളോറൈഡ് (കയ്പ്പ്), ഗ്ളൂട്ടാമേറ്റ് (എല്ലാം ചേർന്ന രുചി) എന്നിവയാണ് ഇ-ടംഗിൽ ഉപയോഗിക്കുന്നത്.
ഭക്ഷണത്തിലെ രുചി ഘടകങ്ങളുടെ സാന്ദ്രത കണ്ടെത്തുകയാണ് ഇ-ടേസ്റ്റ് സെൻസറുകൾ ചെയ്യുന്നത്. ഡാറ്റയെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു. തുടർന്ന് ഒരു പമ്പ് ഉപയോഗിച്ച് വ്യക്തിയുടെ നാവിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ട്യൂബിലൂടെ കൃത്യമായ അളവിൽ ഫ്ലേവർഡ് ഹൈഡ്രോജലുകൾ എത്തിക്കുന്നു. ഇങ്ങനെയാണ് വെർച്വൽ റിയാലിറ്റിയിലൂടെ രുചി തിരിച്ചറിയുന്നത്.
പരീക്ഷണം നടത്തിയവരിൽ 70 ശതമാനം പേരും കൃത്രിമ രുചി യാഥാർത്ഥ്യത്തിലുള്ളത് പോലെ തന്നെയെന്ന് അഭിപ്രായപ്പെട്ടു. മാത്രമല്ല, വ്യത്യസ്ത രുചികൾ വെവ്വേറെ തിരിച്ചറിയാൻ സാധിക്കുന്നതായും പരീക്ഷണത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.