ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തൽ; ആയിരം പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹം അപ്രത്യക്ഷമായി

 

ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചുകൊണ്ട് വിചിത്രമായ ഒരു തിരോധാനം. ഭൂമിയിൽ നിന്ന് ഏകദേശം 1,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്തിരുന്ന, വ്യാഴത്തോളം വലിപ്പമുള്ള ഒരു 'ഹോട്ട് ജൂപ്പിറ്റർ' (വാതക ഭീമൻ) ഗ്രഹമാണ് കൺമുന്നിൽ നിന്ന് മാഞ്ഞുപോയത്. ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ സംഭവിച്ച വലിയ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇനി ഈ ഗ്രഹത്തെ ഭൂമിയിലെ ടെലിസ്കോപ്പുകൾക്ക് വീണ്ടും കണ്ടെത്തണമെങ്കിൽ 30 മുതൽ 50 വർഷം വരെ കാത്തിരിക്കേണ്ടി വരും.

അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ 'ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സ്' മാസികയിലാണ് ഈ അപൂർവ്വ കണ്ടെത്തൽ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബഹിരാകാശ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ഗ്രഹമാറ്റം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

'ടി.ഒ.ഐ-2535' (TOI-2535) എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം വെറും 8.25 ദിവസം കൊണ്ടാണ് തന്റെ മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റിവരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി, ഈ ഗ്രഹം നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകാശവ്യത്യാസം നിരീക്ഷിച്ചാണ് ഗവേഷകർ ഇതിന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നത്. എന്നാൽ സമീപത്തുള്ള മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ സ്വാധീനം മൂലം ഇതിന്റെ ഭ്രമണപഥം മാറുകയും, അതുവഴി ഭൂമിയിലെ ടെലിസ്കോപ്പുകളുടെ കാഴ്ചവട്ടത്തുനിന്ന് ഗ്രഹം വഴിമാറിപ്പോവുകയുമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.