ICT സൂചികയിൽ ആറാം സ്ഥാനം; ഡിജിറ്റൽ സൗകര്യങ്ങളിൽ ഖത്തറിന്റെ കുതിപ്പ്
ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച കുതിപ്പുമായി ഖത്തർ. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ (ITU) പുറത്തിറക്കിയ ഏറ്റവും പുതിയ വികസന സൂചികയിൽ ആഗോളതലത്തിൽ ആറാം സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്.
പട്ടികയിലുള്ള 159 രാജ്യങ്ങളിൽ 100-ൽ 98.4 പോയിന്റ് നേടിയാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. ഉന്നത നിലവാരമുള്ള ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ, ഡിജിറ്റൽ ഇന്നൊവേഷൻ എന്നിവയിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ പ്രതിഫലിച്ചത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം, ലഭ്യമായ സേവനങ്ങൾ, സബ്‌സ്‌ക്രിപ്ഷൻ, നെറ്റ്‌വർക്ക് കവറേജ്, മൊബൈൽ ഉടമസ്ഥത തുടങ്ങിയ എല്ലാ പ്രധാന സൂചകങ്ങളിലും ഖത്തറിന് 100 ശതമാനം സ്കോർ ലഭിച്ചു.
2025-ലും ഇതേ സ്കോർ നിലനിർത്തിയ ഖത്തർ, 2024-ൽ 97.8, 2023-ൽ 97.3 എന്നിങ്ങനെയാണ് പോയിന്റുകൾ നേടിയിരുന്നത്. ആഗോള ശരാശരി 79 പോയിന്റായിരിക്കെ 159-ൽ 59 രാജ്യങ്ങൾക്ക് മാത്രമാണ് 90-നും 100-നും ഇടയിൽ സ്കോർ ചെയ്യാനായത്. ഖത്തർ നാഷണൽ വിഷൻ 2030, ഡിജിറ്റൽ 2030 പദ്ധതികൾക്ക് കീഴിൽ ആസൂത്രണം ചെയ്ത വികസനങ്ങളാണ് രാജ്യത്തിന് കരുത്താകുന്നത്.