എ.ഐ സ്ലോപ്പ് തടയാൻ കർശന നീക്കവുമായി സ്നാപ്ചാറ്റും യൂട്യൂബും; വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ പ്ലാറ്റ്‌ഫോമുകൾ
ജനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജവും നിലവാരമില്ലാത്തതുമായ ഫോട്ടോകൾ, വീഡിയോകൾ, ലേഖനങ്ങൾ (എ.ഐ സ്ലോപ്പ്) എന്നിവ തടയാൻ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നടപടി കടുപ്പിക്കുന്നു. സ്നാപ്ചാറ്റ്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ, സബ്‌സ്റ്റാക്ക് തുടങ്ങിയ വമ്പൻ കമ്പനികളാണ് എ.ഐ ദുരുപയോഗത്തിനെതിരെ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്നാപ്ചാറ്റിന്റെ സ്പോട്ട്‌ലൈറ്റ് ഫീഡിൽ പൂർണ്ണമായും എ.ഐ നിർമ്മിതമായ വീഡിയോകളുടെ ശുപാർശകൾ ഇനിമുതൽ നൽകില്ലെന്ന് മാതൃകമ്പനിയായ സ്നാപ് വ്യക്തമാക്കി. എന്നാൽ ഉപയോക്താക്കൾ സ്വന്തമായി തയ്യാറാക്കി എ.ഐ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് തടസ്സമുണ്ടാകില്ല.
അതേസമയം, എ.ഐ നിർമ്മിത പോസ്റ്റുകളും കമന്റുകളും റിപ്പോർട്ട് ചെയ്യാനുള്ള ബട്ടൺ ലിങ്ക്ഡ്ഇൻ അവതരിപ്പിച്ചപ്പോൾ, ടെംപ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള എ.ഐ വീഡിയോകളുടെ മോണിറ്റൈസേഷൻ (വരുമാനം) റദ്ദാക്കാനാണ് യൂട്യൂബിന്റെ തീരുമാനം. എ.ഐയുടെ കടന്നുവരവ് വ്യാജ ഉള്ളടക്കങ്ങൾ വർധിപ്പിക്കുന്നത് യഥാർത്ഥ വിവരങ്ങളുടെ വിശ്വസനീയതയെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് പ്ലാറ്റ്‌ഫോമുകളുടെ പുതിയ നീക്കം.