"സോഷ്യൽ മീഡിയ ഫീഡുകൾ ഇനി ‘ആറ്റി’ തരും; സ്വന്തം അൽഗോരിതം നിർമ്മിക്കാൻ പുത്തൻ ആപ്പ്

 

സോഷ്യൽ മീഡിയയിൽ നാം എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഇനി പ്ലാറ്റ്‌ഫോമുകളല്ല, മറിച്ച് നമ്മൾ തന്നെയായിരിക്കും. ഉപയോക്താക്കൾക്ക് സ്വന്തം താത്പര്യത്തിനനുസരിച്ച് സോഷ്യൽ മീഡിയ ഫീഡുകൾ രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന 'ആറ്റി' (Attie) എന്ന പുതിയ ആപ്ലിക്കേഷൻ ബ്ലൂസ്‌കൈ (Bluesky) അവതരിപ്പിച്ചു. കാനഡയിൽ നടന്ന 'അറ്റ്‌മോസ്‌ഫിയർ' ഉച്ചകോടിയിലാണ് ആറ്റിയുടെ ബീറ്റാ വേർഷൻ ഔദ്യോഗികമായി പുറത്തിറക്കിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന ആറ്റി, സോഷ്യൽ മീഡിയ അനുഭവത്തെ പൂർണ്ണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. 'വൈബ് കോഡിങ്' (Vibe Coding) എന്ന പുത്തൻ സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ സോഫ്റ്റ്‌വെയർ നിർമ്മാണത്തിന് പ്രോഗ്രാമിങ് ഭാഷ അറിഞ്ഞിരിക്കണം. എന്നാൽ ആറ്റിയിൽ ലളിതമായ ഭാഷയിൽ നിർദ്ദേശങ്ങൾ (Prompting) നൽകിക്കൊണ്ട് ഉപയോക്താവിന് തനിക്ക് കാണേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ ക്രമീകരിച്ച് സ്വന്തം അൽഗോരിതം നിർമ്മിക്കാൻ സാധിക്കും.

ആന്ത്രാപ്പിക്കിന്റെ 'ക്ലോഡ്' (Claude) എന്ന എഐ മോഡൽ അടിസ്ഥാനമാക്കിയാണ് ആറ്റി വികസിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും അൽഗോരിതത്തിന്റെ പേരിൽ വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ആറ്റി നിലവിൽ വരുന്നതോടെ ഈ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ വെല്ലുവിളിയാകുമെന്നും ബ്ലൂസ്‌കൈ കൂടുതൽ ജനപ്രിയമാകാൻ സാധ്യതയുണ്ടെന്നും ടെക് വിദഗ്ധർ വിലയിരുത്തുന്നു. സോഷ്യൽ മീഡിയ എഡിറ്റിംഗ് മേഖലയിൽ ഇതൊരു വിപ്ലവകരമായ മാറ്റമായിരിക്കും.