കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാൻ ശമ്പള വർധന നിർത്തിവെച്ച് സോഹോ; എ.ഐ അടിസ്ഥാന സൗകര്യ ചെലവ് കുത്തനെ ഉയർന്നത് തിരിച്ചടിയായി
നിർമിത ബുദ്ധി (AI) അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഭീമമായ ചെലവുകളും സോഫ്റ്റ്‌വെയർ വിപണിയിലെ പ്രതിസന്ധികളും കാരണം മുഴുവൻ ജീവനക്കാരുടെയും 2026-ലെ ശമ്പള വർധന നിർത്തിവെച്ച് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ (Zoho). ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഒഴിവാക്കാനാണ് കമ്പനി മുൻഗണന നൽകുന്നതെന്നും സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു എക്‌സിലൂടെ (X) അറിയിച്ചു.
കഴിഞ്ഞ 18 മാസമായി കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്ന് വെമ്പു വ്യക്തമാക്കി. ഡാറ്റാ സെന്ററുകൾക്കായുള്ള സെർവർ ചെലവുകൾ നാലുമടങ്ങോളം വർധിച്ചതും എ.ഐ ഉപയോഗം കൂട്ടിയതും കമ്പനിയുടെ സാമ്പത്തിക ഭാരം കുത്തനെ കൂട്ടി. ഗ്ലോബൽ സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ വിപണന (Marketing) ബജറ്റുകളും വെട്ടിക്കുറച്ചിട്ടുണ്ട്. കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാതെ സ്ഥിതിഗതികൾ തരണം ചെയ്യാൻ സഹകരിക്കുന്ന ജീവനക്കാരോട് നന്ദി അറിയിച്ച അദ്ദേഹം, വരും വർഷങ്ങളിൽ ടെക് മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.