കേരളത്തിലെ ആകാശത്ത് ഇന്ന് 'ബഹിരാകാശ നിലയം' കാണാം
ആകാശക്കാഴ്ചകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അപൂർവ്വ നിമിഷത്തിന് അവസരമൊരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഇന്ന് വെള്ളിയാഴ്ച കേരളത്തിന് മുകളിലെ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. തെളിഞ്ഞ ആകാശമാണെങ്കിൽ വൈകീട്ട് 7.40 മുതൽ 7.55 വരെയുള്ള സമയത്തിനിടയിൽ ഈ അത്ഭുതക്കാഴ്ച ദൃശ്യമാകും.
തെക്കു-പടിഞ്ഞാറൻ ആകാശത്തു നിന്ന് വടക്കു-കിഴക്കോട്ട് മിന്നിമറയാതെ അതിവേഗത്തിൽ സഞ്ചരിക്കുന്ന തിളക്കമുള്ള പ്രകാശബിന്ദുവായാകും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകുമ്പോൾ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അതിലുണ്ടെന്നത് ഈ കാഴ്ചയ്ക്ക് തിളക്കമേറ്റുന്നു. നാസ ശാസ്ത്രജ്ഞനായ അനിൽ മേനോൻ ഉൾപ്പെടെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ ഐ.എസ്.എസിലുള്ളത്.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. 90 മിനിറ്റുകൊണ്ട് ഒരു തവണ എന്ന കണക്കിൽ ദിവസേന 16 തവണയാണ് നിലയം ഭൂമിയെ വലംവെക്കുന്നത്.