ചന്ദ്രനിൽ പതിച്ച് സ്പേസ് എക്സ് റോക്കറ്റ്; കൂട്ടിയിടിയുടെ ചിത്രങ്ങൾ ലഭ്യമല്ലാത്തത് എന്തുകൊണ്ട്?
സ്പേസ് എക്സ് 2025-ൽ വിക്ഷേപിച്ച ഫാൽക്കൺ-9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിച്ചതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഇടിയുടെ ആഘാതത്തിൽ 18 മുതൽ 20 മീറ്റർ വരെ വ്യാസമുള്ള പുതിയ ഗർത്തം രൂപപ്പെട്ടിരിക്കാമെന്നും വലിയ അളവിൽ ചാന്ദ്രധൂളി ഉയർന്നെന്നുമാണ് നിഗമനം. എന്നാൽ സംഭവത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
ചന്ദ്രന്റെ ടെർമിനേറ്റർ ലൈനിന് (വെളിച്ചവും നിഴലും വേർതിരിയുന്ന അതിർത്തി) സമീപമാണ് അപകടം നടന്നത് എന്നതിനാൽ ഭൗമ ടെലിസ്കോപ്പുകൾക്ക് ഇത് പൂർണ്ണമായി പകർത്തുവാൻ സാധിച്ചില്ല. കൂടാതെ സംഭവസമയത്ത് നാസ ഉൾപ്പെടെയുള്ളവയുടെ ലൂണാർ ഓർബിറ്ററുകൾ കൃത്യമായ ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല എന്നതും വിവരങ്ങൾ വൈകുന്നതിന് കാരണമായി.
അതേസമയം, യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ വിഎൽടി ടെലസ്‌കോപ്പ് കൂട്ടിയിടിയെ തുടർന്നുണ്ടായ പൊടിപടലങ്ങളുടെ രാസഘടന വികലനത്തിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭാവിയിലെ ബഹിരാകാശ പഠനങ്ങൾക്കും ചാന്ദ്ര ദൗത്യങ്ങൾക്കും ഈ സംഭവം നിർണ്ണായക വിവരങ്ങൾ നൽകുമെന്നാണ് കരുതുന്നത്.