ചന്ദ്രനിൽ പതിച്ച് നാല് ടൺ ഭാരമുള്ള സ്‌പേസ് എക്‌സ് റോക്കറ്റ് ഭാഗം; കനത്ത പ്രഹരം സംഭവിച്ചതായി റിപ്പോർട്ട്

 

പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ഭാഗം ചന്ദ്രോപരിതലത്തിൽ അതിശക്തമായി ഇടിച്ചിറങ്ങി. ഏകദേശം ഒരു ബസിന്റെ വലിപ്പവും നാല് ടൺ ഭാരവുമുള്ള റോക്കറ്റ് ഭാഗം മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിലാണ് ചന്ദ്രന്റെ ഐൻസ്റ്റൈൻ ഗർത്തത്തിന് സമീപം പതിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വലിയൊരു ഗർത്തം രൂപപ്പെട്ടതായി ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ബഹിരാകാശ ട്രാക്കിങ് ഏജൻസികളും സ്ഥിരീകരിച്ചു.

2025 ആദ്യപാദത്തിൽ വിക്ഷേപിച്ച സ്‌പേസ് എക്‌സ് ഫാൾക്കൺ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട ഭാഗമാണിത്. മൂന്ന് ടൺ ടി.എൻ.ടി സ്ഫോടനത്തിന് തുല്യമായ പ്രഹരശേഷിയോടെയാണ് ഇത് ചന്ദ്രനിൽ പതിച്ചത്. സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ബലങ്ങൾ കാരണമാണ് റോക്കറ്റ് ഭാഗത്തിന്റെ സഞ്ചാരപഥം മാറിയത്.

നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ, ദക്ഷിണ കൊറിയയുടെ ദനൂരി എന്നീ പേടകങ്ങൾ കൂട്ടിയിടി നടന്ന പ്രദേശം നിരീക്ഷിച്ചുവരികയാണ്. മനുഷ്യൻ വിക്ഷേപിച്ച റോക്കറ്റ് അവശിഷ്ടം അബദ്ധത്തിൽ ചന്ദ്രനിൽ പതിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.