യു.എ.ഇയിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി; 10 വർഷത്തെ ലൈസൻസ് നൽകി ടി.ഡി.ആർ.എ
ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളായ 'സ്റ്റാർലിങ്കി'ന് യു.എ.ഇയിൽ പ്രവർത്തനാനുമതി. രാജ്യത്ത് സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി 10 വർഷത്തെ ലൈസൻസാണ് യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അനുവദിച്ചത്.
വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവർക്ക് പുറമെ സമുദ്ര-വ്യോമയാന മേഖലകൾക്കും സ്റ്റാർലിങ്കിന്റെ സേവനം ലഭ്യമാകും. ആവശ്യമായ സാങ്കേതികവും നിയമപരവുമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അതോറിറ്റി അനുമതി പത്രം കൈമാറിയത്.
നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5ജി നെറ്റ്‌വർക്കുകൾക്ക് പുറമെ ഉപഗ്രഹ അധിഷ്ഠിത സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ ശക്തമാകും. 'വി ദ യു.എ.ഇ. 2031' കാഴ്ചപ്പാടിനും യു.എ.ഇ ഡിജിറ്റൽ അജണ്ടക്കും കരുത്തേകുന്നതാണ് പുതിയ ലൈസൻസെന്ന് ടി.ഡി.ആർ.എ ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മസ്മാർ വ്യക്തമാക്കി.