ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്ക്; അനുമതിക്കായി വീണ്ടും അപേക്ഷ നൽകി മസ്ക്
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ് (SpaceX). ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറവുള്ള ഇന്ത്യൻ ഗ്രാമങ്ങളിൽ സ്റ്റാർലിങ്ക് സേവനം ഏറെ സഹായകരമാകുമെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ മസ്ക് വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം, ഡയറക്ട്-ടു-ഡിവൈസ് (D2D) കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളടങ്ങിയ 'ജെൻ 2' (Gen 2) സാറ്റലൈറ്റ് കോൺസ്റ്റലേഷനായി ഇന്ത്യൻ സ്പേസ് റെഗുലേറ്ററായ ഇൻ-സ്പേസിൽ (IN-SPACe) കമ്പനി വീണ്ടും അപേക്ഷ സമർപ്പിച്ചു. മൊബൈൽ ടവറുകളുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്ഫോണുകളിൽ നേരിട്ട് ഉപഗ്രഹ കണക്റ്റിവിറ്റി നൽകാൻ ഇതിലൂടെ സാധിക്കും.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ സബ്സ്ക്രിപ്ഷൻ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 550 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ (LEO) പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ ലാറ്റൻസിയിൽ വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.